റാപ്പര്‍ വേടനെ അറിയില്ല എന്ന പരാമര്‍ശത്തിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ വിശദീകരണവുമായി ഗായകന്‍ എം.ജി ശ്രീകുമാര്‍. സ്വന്തം കാര്യമാണ് താന്‍ പറഞ്ഞതെന്നും തന്റെ പരാമര്‍ശം വളച്ചൊടിച്ചതില്‍ വിഷമം ഉണ്ടെന്നും എം. ജി ശ്രീകുമാര്‍ പറഞ്ഞു. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മൃദുല ദേവിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു എം.ജി ശ്രീകുമാര്‍.
വേടന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മൃദുലാ ദേവിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. 'പ്രിയപ്പെട്ട എം ജി ശ്രീകുമാറിന് ഒരു കുറിപ്പ്.ഈ ഫോട്ടോയില്‍ കാണുന്നയാളാണ് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. താങ്കള്‍ക്ക് വേടനെ അറിയില്ലെങ്കിലും വേടന്‍ താങ്കളെ അറിയും. ഗായകനായ ശ്രീകുമാറിനെക്കാള്‍ കൂടുതലായി, മാലിന്യം കായലില്‍ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് വീട്ടിലെ ജോലിക്കാരിയുടെ തലയില്‍വെച്ച് കെട്ടിയ താങ്കളെപ്പോലുള്ളവരുടെ അറിവില്ലായ്മ അവന്റെ പാട്ടിലെ മുഖ്യവിഷയമാണ്', എന്നായിരുന്നു മൃദുലാ ദേവിയുടെ കുറിപ്പ്.
ഇതിന് മറുപടിയായി കമന്റില്‍ എം.ജി ശ്രീകുമാര്‍ വിശദീകരണവുമായി എത്തുകയായിരുന്നു. 'ഞാന്‍ എംജി. ഒരു ചാനല്‍ എന്നെ വിളിച്ചു ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകര്‍ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതില്‍ വിഷമം ഉണ്ട് . വേടനെ (ഹിരണ്‍ ദാസ് മുരളി). എനിക്ക് സത്യത്തില്‍ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ് ബുക്കില്‍ ചില ഭാഗങ്ങള്‍ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകന്‍. നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിനും, ബാന്‍ഡിനും എല്ലാ നന്മകളും നേരുന്നു സ്‌നേഹപൂര്‍വ്വം. എം ജി .' എന്നാണ് എം.ജി. ശ്രീകുമാര്‍ കമന്റ് രേഖപ്പെടുത്തിയത്.
കഞ്ചാവ് കേസില്‍ വേടന്‍ അറസ്റ്റിലായതിന് പിന്നാലെ ഒരു ചാനലിനോട് പ്രതികരിക്കുന്നതിനിടെയായിരുന്നു എം.ജി ശ്രീകുമാര്‍ വേടനെ അറിയില്ല എന്ന് പറഞ്ഞത്.