ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഫോണില്‍ സംസാരിച്ചു. യുദ്ധം ഇന്ത്യയുടെ തിരഞ്ഞെടുപ്പല്ലെന്നും ആരുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ലെന്നും ഡോവല്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇന്ത്യന്‍ സൈന്യവുമായി പാകിസ്ഥാന്‍ ധാരണയിലെത്തിയതിന് ശേഷവും അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് ശേഷമാണ് സംഭാഷണം നടന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇന്ത്യ തീവ്രവാദ വിരുദ്ധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടായിരുന്നു. യുദ്ധം ഇന്ത്യയുടെ തെരഞ്ഞെടുപ്പല്ല, ആരുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ല സൈനിക നടപടി ഉണ്ടായത്. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് പ്രതിജ്ഞാബദ്ധരായിരിക്കും. എത്രയും വേഗം പ്രാദേശിക സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഡോവല്‍ പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നതായി വാങ് യി ഫോണില്‍ അറിയിക്കുകയും മേഖലയിലെ സമാധാനത്തെയും സ്ഥിരതയുടെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനും ചൈനയുടെ അയല്‍ക്കാരാണെന്നും മേഖലയിലെ സമാധാനം കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നും അത് വിലമതിക്കപ്പെടേണ്ടതാണെന്നും വാങ് യി പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.