സമരം ചെയ്ത് വെറുതെ പണിയെടുക്കാതെ ഇരിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ? ഇല്ലെന്നതാണ് സത്യം. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും അത് മനസ്സ് തുറന്ന് പറഞ്ഞിരിക്കുന്നു. രോഗികളെ അപകടത്തിലാക്കുന്നതാണെങ്കിലും കൂടുതല്‍ സമരങ്ങള്‍ നടത്താന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് തങ്ങളെന്ന മുന്‍നിര ഡോക്ടര്‍മാരുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ രോഷത്തിന് കാരണമാകുന്നത്.
ഗവണ്‍മെന്റ് കൂടുതല്‍ ശമ്പളവര്‍ദ്ധനവ് അംഗീകരിക്കാത്ത പക്ഷം സമരങ്ങള്‍ നടത്തുമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരെയും, കണ്‍സള്‍ട്ടന്റുമാരെയും പ്രതിനിധീകരിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ഭീഷണി. ഇതില്‍ പരാജയപ്പെട്ടാല്‍ വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കുന്നതിലും, ലേബറിന്റെ എന്‍എച്ച്എസിനായുള്ള പത്ത് വര്‍ഷ പദ്ധതിയും അസ്ഥാനത്താകുമെന്ന് യൂണിയന്‍ കൂട്ടിച്ചേര്‍ത്തു.
ജൂനിയര്‍ ഡോക്ടര്‍മാരെന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന റസിഡന്റ് ഡോക്ടര്‍മാര്‍ ആറ് മാസത്തേക്ക് പണിമുടക്കിന് അനുമതി തേടി അംഗങ്ങള്‍ക്കിടയില്‍ ബാലറ്റിംഗ് നടത്തുകയാണ്. 2022 മുതല്‍ 11 തവണ സമരത്തിനിറങ്ങി എന്‍എച്ച്എസിന്റെ നടുവൊടിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ വീണ്ടും ഭീഷണി മുഴക്കുന്നത്. 1.5 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളാണ് ആ സമരങ്ങളില്‍ മുങ്ങിപ്പോയത്.
ലിവര്‍പൂളില്‍ ബിഎംഎ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് ബിഎംഎ റസിഡന്റ് ഡോക്ടര്‍ കമ്മിറ്റി കോ-ചെയര്‍ ഡോ. റോസ് ന്യൂവോഡ്ട് സമരത്തിന് ഇറങ്ങാന്‍ ആളുകള്‍ ആഹ്ലാദത്തിലാണെന്ന് വ്യക്തമാക്കിയത്. ശമ്പളം കുറവാണ്. അത് തിരിച്ചറിയുകയാണ്. ഡോക്ടര്‍മാര്‍ ഇപ്പോഴും നിരാശരാണ്, ഡോ. ന്യൂവോഡ്ട് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷവും പണപ്പെരുപ്പത്തെ മറികടന്ന് വര്‍ദ്ധനവ് ലഭിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ ഇക്കുറി 28.9 ശതമാനം വര്‍ദ്ധനവാണ് ആവശ്യപ്പെടുന്നത്.