സോഷ്യല്‍ മീഡിയയില്‍ ഇന്‍ഫ്‌ളുവന്‍സറായി തിളങ്ങുന്നവരുടെയെല്ലാം യഥാര്‍ത്ഥ സ്വഭാവം ഏത് വിധത്തിലായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിയില്ല. അതിന് പുതിയ തെളിവാണ് ഹബീബുര്‍ മാസൂമിന്റെ കുറ്റകൃത്യം. ടെക്‌നോളജി വിദഗ്ധനായ മാസൂം അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ കുഞ്ഞിന്റെ മുന്നില്‍ വെച്ച് കഴുത്ത് മുറിച്ച് പൊതുസ്ഥലത്ത് വെച്ച് കൊലപ്പെടുത്തുകയാണ് ചെയ്തത്. കേസില്‍ ഇയാള്‍ കുറ്റക്കരനാണെന്ന് കോടതി കണ്ടെത്തി.
എന്നാല്‍ കുല്‍സുമ അക്തറിന്റെ ജീവനെടുക്കുന്നതിലേക്ക് നയിച്ചത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കൂടിയാണെന്നാണ് വ്യക്തമാകുന്നത്. മാസൂമിന്റെ പീഡനവും നിയന്ത്രണവും സഹിക്കാന്‍ കഴിയാതെ വന്നതോടെ രക്ഷപ്പെട്ട കുല്‍സുമ്മയെ കൊലയ്ക്ക് കൊടുത്തത് നിയമവ്യവസ്ഥയാണെന്ന് ക്യാംപെയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
2022-ല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ മാസ്റ്റേഴ്‌സ് എടുക്കാനായാണ് ഹബീബുര്‍ മാസൂം ബ്രിട്ടനിലെത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സൗമ്യനായിരുന്നില്ല ഇയാള്‍. ഭാര്യ കുല്‍സുമ്മയെ മേക്കഅപ്പ് ഇടാനോ, ചായ കുടിക്കാനോ പോലും അനുവദിക്കാതെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി പീഡിപ്പിച്ചിരുന്നു. 2023 നവംബറില്‍ ജോലി ചെയ്ത ബേക്കറിയിലെ സഹജീവനക്കാരന്റെ സന്ദേശം ലഭിച്ചതിന്റെ പേരിലാണ് കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയത്.
കത്തി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഒരു ബന്ധു ഈ വിവരം പോലീസില്‍ അറിയിച്ചതോടെ മാസൂമിനെ അറസ്റ്റ് ചെയ്തു. റിമാന്‍ഡില്‍ വെയ്ക്കണമെന്ന സിപിഎസ് ആവശ്യം തള്ളിയ മജിസ്‌ട്രേറ്റുമാര്‍ ഇയാളെ വിട്ടയച്ചു. ജീവഭയം മൂലം കുല്‍സുമ്മ കുഞ്ഞുമായി ഒരു രഹസ്യ കേന്ദ്രത്തില്‍ അഭയം തേടി. എന്നാല്‍ സ്‌നാപ്പ്ചാറ്റിലെ ലൊക്കേഷന്‍ ഓഫ് ചെയ്യാന്‍ മറന്നത് ഉപയോഗിച്ച് ഇയാള്‍ സ്ഥലം കണ്ടെത്തുകയും, കുഞ്ഞുമായി നടക്കാനിറങ്ങിയ ഭാര്യയെ ബ്രാഡ്‌ഫോര്‍ഡില്‍ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.