ബ്രിട്ടനിലെ നികുതിദായകര്‍ക്ക് ഇന്‍കം ടാക്‌സ് പരിധി വീണ്ടും മരവിപ്പിച്ച് നിര്‍ത്താന്‍ ഒരുങ്ങി റേച്ചല്‍ റീവ്‌സ്. ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള പദ്ധതികളില്‍ യു-ടേണ്‍ എടുക്കേണ്ടി വന്നതോടെയാണ് നികുതി മരവിപ്പിച്ച് നിര്‍ത്തി കൂടുതല്‍ ഫണ്ട് നേടാന്‍ ചാന്‍സലര്‍ തയ്യാറെടുക്കുന്നത്.
പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്തിരുന്ന ചാന്‍സലര്‍ക്ക് ഇനി ഇത് സാധ്യമാകുമോയെന്നതാണ് ചോദ്യം. ഒരേ സമയം സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് നയിക്കേണ്ടതുമുണ്ട്.
കീര്‍ സ്റ്റാര്‍മര്‍ ബെനഫിറ്റ് കട്ടില്‍ യു-ടേണ്‍ എടുത്തതോടെ റേച്ചല്‍ ഫീവ്‌സ് നികുതി വര്‍ദ്ധിപ്പിക്കാനും, അടുത്ത ബജറ്റില്‍ ചെലവുകള്‍ വെട്ടിച്ചുരുക്കുകയോ ചെയ്യുമെന്നാണ് കരുതുന്നത്. നികുതികള്‍ വര്‍ദ്ധിപ്പിക്കുകയോ, ഇന്‍കംടാക്‌സ് പരിധി മരവിപ്പിച്ച് കൂടുതല്‍ തുക നേടുകയോ ചെയ്യാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുവഴി വര്‍ഷത്തില്‍ 8 ബില്ല്യണ്‍ പൗണ്ട് നേടാന്‍ കഴിയും.
മുന്‍ കണ്‍സര്‍വേറ്റീവ് ചാന്‍സലര്‍ ജെറമി ഹണ്ട് നടപ്പാക്കിയ മരവിപ്പിക്കല്‍ കൂടുതല്‍ ആളുകളെ ഉയര്‍ന്ന ടാക്‌സ് ബ്രാക്കറ്റുകളിലേക്ക് നീക്കുകയാണ് ചെയ്തത്. ഈ പദ്ധതി 2028-ല്‍ അവസാനിക്കേണ്ടതായിരുന്നു. ഈ ടാക്‌സ് വര്‍ഷം ഉയര്‍ന്ന റേറ്റില്‍ ഇന്‍കം ടാക്‌സ് നല്‍കുന്നവരുടെ എണ്ണം 5 ലക്ഷത്തോളം ഉയരുമെന്നാണ് കണക്ക്.