ബെനഫിറ്റുകളില്‍ വരുത്തുന്ന സുപ്രധാന പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് വോട്ടിംഗുമായി മുന്നോട്ട് പോകാന്‍ ഉറച്ച് പ്രധാനമന്ത്രി. വോട്ടെടുപ്പില്‍ പരാജയം നേരിടാനുള്ള സാധ്യത നിലനില്‍ക്കവെയാണ് കീര്‍ സ്റ്റാര്‍മറുടെ നീക്കം. സ്വന്തം പാര്‍ട്ടി എംപിമാരില്‍ നിന്നും ശക്തമായ വിമത സ്വരം ഉയരുന്നത് അവഗണിച്ച് മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അതേസമയം വോട്ടിംഗില്‍ പരാജയം രുചിച്ചാലും താന്‍ രാജിവെയ്ക്കില്ലെന്നും സ്റ്റാര്‍മര്‍ പറയുന്നു.
ആരോഗ്യ, വികലാംഗ ബെനഫിറ്റുകളില്‍ വരുത്തുന്ന നിയന്ത്രണങ്ങള്‍ തള്ളിക്കളയാന്‍ 130 എംപിമാര്‍ ഒപ്പിട്ട ഭേഗഗതി പാസാകുമെന്നാണ് കരുതുന്നത്. ഇത് നടപ്പായാല്‍ ഈ വെട്ടിക്കുറവ് ഒഴിവാക്കേണ്ടി വരും. എന്നാല്‍ വോട്ടിംഗില്‍ പരാജയപ്പെടുന്നത് ഗവണ്‍മെന്റിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് റേച്ചല്‍ റീവ്‌സ് ബാക്ക്‌ബെഞ്ചുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
5 ബില്ല്യണ്‍ പൗണ്ട് വെല്‍ഫെയര്‍ ചെലവ് ഇനത്തില്‍ കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴും ബില്ലുകള്‍ മറുഭാഗത്ത് വര്‍ദ്ധിക്കുകയാണ്. ഇതോടെ ബുക്ക് ബാലന്‍സ് ചെയ്യാന്‍ ഓട്ടം ബജറ്റില്‍ റീവ്‌സിന് നികുതികള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ഇക്കണോമിസ്റ്റുകള്‍ വിശ്വസിക്കുന്നു. ലേബര്‍ എംപിമാരിലെ വിമതരുടെ വോട്ടുകള്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം അട്ടിമറിക്കാന്‍ പാകത്തിലുള്ളതാണ്. 1986-ലാണ് അവസാനമായി ഒരു ഗവണ്‍മെന്റിന് സെക്കന്‍ഡ് റീഡിംഗ് നഷ്ടമായത്.
ഒരു മന്ത്രി ഇതിനോടകം പ്രതിഷേധം അറിയിച്ച് രാജിവെച്ചിട്ടുണ്ട്. നാടകീയ സംഭവങ്ങള്‍ ഒഴിവാക്കാന്‍ വോട്ടിംഗ് നീട്ടിവെയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രധാനമന്ത്രി തള്ളി. ചൊവ്വാഴ്ച വോട്ടിംഗ് നടക്കും. വെല്‍ഫെയര്‍ സിസ്റ്റത്തില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം, സ്റ്റാര്‍മര്‍ പറഞ്ഞു.