കൗണ്‍സിലുകള്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ച് കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇത് ജനങ്ങള്‍ക്ക് കനത്ത ഭാരമാണ് സമ്മാനിക്കുന്നത്. ഇതിനകം തന്നെ അടയ്ക്കാത്ത കൗണ്‍സില്‍ ടാക്‌സിന്റെ വലുപ്പം 8.3 ബില്ല്യണ്‍ പൗണ്ടില്‍ എത്തിയെന്നാണ് വീടുകള്‍ക്കുള്ള മുന്നറിയിപ്പ് വരുന്നത്.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ കൗണ്‍സില്‍ ബില്‍ അടയ്ക്കാത്തവരുടെ എണ്ണ ലക്ഷക്കണക്കിന് വരുമെന്നാണ് ഏറ്റവും പുതിയ ഗവണ്‍മെന്റ് ഡാറ്റ വ്യക്തമാക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെ ഇംഗ്ലണ്ടിലെ കുടുംബങ്ങള്‍ വരുത്തിവെച്ചിട്ടുള്ള കടം 6.2 ബില്ല്യണ്‍ പൗണ്ടാണെന്ന് ചാരിറ്റി ഡെബ്റ്റ് ജസ്റ്റിസ് നടത്തിയ പരിശോധന വ്യക്തമാക്കുന്നു.
സ്‌കോട്ടിഷ് കുടുംബങ്ങള്‍ 1.5 ബില്ല്യണ്‍ പൗണ്ടും, വെയില്‍സില്‍ 160 മില്ല്യണ്‍ പൗണ്ടും കൗണ്‍സില്‍ ടാക്‌സ് ഇനത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ കൗണ്‍സില്‍ ടാക്‌സ് കടം 79% വര്‍ദ്ധിച്ചതായാണ് വ്യക്തമാകുന്നത്.
ഏകദേശം 4.4 മില്ല്യണ്‍ ജനങ്ങള്‍ കൗണ്‍സില്‍ ടാക്‌സ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി ഡെബ്റ്റ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു വര്‍ഷം മുന്‍പ് 3.2 മില്ല്യണായിരുന്നിടത്താണ് ഈ വര്‍ദ്ധന. അതേസമയം 20 വര്‍ഷക്കാലത്തിനിടെ ആദ്യമായി കൗണ്‍സില്‍ ടാക്‌സുകള്‍ അതിവേഗം വര്‍ദ്ധിക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപനം നടത്തിയ ഘട്ടത്തിലാണ് ഈ അവസ്ഥയെന്നതാണ് വൈരുദ്ധ്യം.