മന്ത്രിയായിരിക്കെ നടത്തിയ അഴിമതി പുറത്തുവന്നാല്‍ തലയില്‍ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് കെടി ജലീലീല്‍ തനിക്കെതിരെ ആരോപണങ്ങളുമായി മുന്നോട്ടു വന്നതിന് പിന്നിലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുബായിയില്‍ റജിസ്റ്റര്‍ ചെയ്ത ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ ട്രേഡിങ് എല്‍സിസി എന്ന കമ്പനിയിലൂടെ ഫിറോസ് നടത്തുന്നത് റിവേഴ്‌സ് ഹവാലയാണോ എന്ന് ചോദിച്ചുകൊണ്ട് കെടി ജലീല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന് മറുപടി പറയുകയായിരുന്നു ഫിറോസ്.
ബിസിനസ് ചെയ്യുന്ന ആളാണെന്നതില്‍ അഭിമാനം ഉണ്ട്.അത്യാവശ്യം ജീവിക്കാനുള്ള വരുമാനം ഉണ്ടെന്നും നിയമവിരുദ്ധമായ ബിസിനസ് അല്ല നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ കടുകുമണി തൂക്കം തെറ്റു ചെയ്താല്‍ പോലും നടപടി സ്വീകരിക്കാനാകുന്ന സര്‍ക്കാരാണ് അധികാരത്തിലുളളതെന്നും എന്നിട്ടും നടപടി സ്വീകരിക്കാത്തത് കൂടി മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജലീലിന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.
വിദേശത്തുള്ള കമ്പനിയില്‍ എത്രപേര്‍ വേണമെന്നും എത്ര രൂപ ശമ്പളം തരുന്നു എന്നതുമൊക്കെ കമ്പനിയുടെ സ്വകാര്യകാര്യമാണ്.തനിക്ക് റിവേഴ്സ് ഹവാല ഉണ്ട് എന്നതില്‍ ജലീലിനു വ്യക്തത ഉണ്ടോ എന്നും ചോദ്യങ്ങള്‍ ഉന്നയിച്ച് ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് ചെപ്പടി വിദ്യയാണെന്നും ഫിറോസ് പറഞ്ഞു. ആരോപണങ്ങളില്‍ പറയുന്നയാള്‍ക്ക് തന്നെ വിശ്വാസമില്ലാതെ വരുമ്പോഴാണ് മതഗ്രന്ഥങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് നടത്താനും സ്ഥലവും വീടും വയ്ക്കാനും യൂത്ത് ലീഗിന്റെ ഫണ്ട് ചോര്‍ത്തി എന്ന ആരോപണം തെറ്റാണ്. മലയാളം സര്‍വകലാശാലയുടെ ഭൂമി എറ്റെടുക്കലില്‍ ജലീലിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിര്‍ണായക തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു.