ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താന്‍ മത്സരത്തിനെതിരെ ഇന്ന് ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രധാനമന്ത്രിക്ക് പാര്‍ട്ടിയുടെ വനിതാ വിഭാഗം സിന്ദൂരം അയച്ചാണ് പ്രതിഷേധം. രക്തവും വെള്ളവും ഒരുമിച്ച് ഒഴികില്ലെന്ന് ചെങ്കോട്ടയില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി രക്തവും ക്രിക്കറ്റും എങ്ങനെ ഒരുമിച്ച് പോകുന്നു എന്ന് രാജ്യത്തോട് പറയണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.
അതിനിടെ ഏഷ്യാകപ്പില്‍ ഇന്ത്യ- പാക്കിസ്താന്‍ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. മത്സരം റദ്ദാക്കണമെന്ന ഹര്‍ജിയിലായിരുന്നു പ്രതികരണം. കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും സുപ്രീം കോടതി തള്ളി. എന്താണ് ഇത്ര തിരക്കെന്നും അത് വെറുമൊരു മത്സരം മാത്രമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ മത്സരം നടക്കുന്നത് ദേശീയ താല്‍പര്യത്തിനു വിരുദ്ധമായ സന്ദേശം നല്‍കുമെന്നും സൈന്യത്തോടുള്ള അനാദരമാണെന്നും ചൂണ്ടിക്കാട്ടി 4 നിയമ വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.
അതേസമയം ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ അരങ്ങേറുന്ന ഏഷ്യാ കപ്പ് പോരാട്ടത്തിന് മുന്നോടിയായി, ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉണ്ടായി.
ഓപ്പറേഷന്‍ സിന്ദൂരിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, ജൂലൈയില്‍ നടന്ന മത്സരത്തിന്റെ പ്രഖ്യാപനം എല്ലാ ഭാഗത്തുനിന്നും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മത്സരം നടക്കാനിരിക്കെ, #BoycottIndvsPak പോലുള്ള ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.