യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ പരത്തുന്ന തരത്തിലേക്ക് ലേബര്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം മോശമാകുന്നതായി റിപ്പോര്‍ട്ട്. 30 വയസ്സില്‍ താഴെയുള്ള തൊഴില്‍രഹിതരായ യുവാക്കള്‍ റെക്കോര്‍ഡ് തോതില്‍ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നതായാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. 1.08 മില്ല്യണ്‍ യുവാക്കളാണ് ഇപ്പോള്‍ തൊഴില്‍രഹിതര്‍ക്കുള്ള ആനുകൂല്യം നേടുന്നത്.
ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയതോടെ ഓരോ ദിവസവും 2000-ലേറെ യുവാക്കള്‍ ഈ ആനുകൂല്യം നേടാനായി ഒപ്പുവെയ്ക്കുന്നു. 2024 ജൂലൈയില്‍ കീര്‍ സ്റ്റാര്‍മര്‍ ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തിയത് മുതല്‍ 66,000 പേര്‍ പട്ടികയില്‍ പ്രവേശിച്ചു.
യുവജനതയെ തൊഴില്‍രംഗത്ത് നിന്നും പടിക്ക് പുറത്ത് നിര്‍ത്തുന്നുവെന്ന ആശങ്കയാണ് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ബെനഫിറ്റുകളെ അമിതമായി ആശ്രയിച്ച് ജീവിക്കുന്ന ബ്രിട്ടീഷ് രീതി കൂടുതല്‍ വഷളാകുന്നുവെന്നാണ് ഇവര്‍ കരുതുന്നത്.
കഴിഞ്ഞ വര്‍ഷം ട്രഷറിയുടെ കസേരയില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍ ശരിപ്പെടുത്തുമെന്നായിരുന്നു ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ വാഗ്ദാനം. എന്നുമാത്രമല്ല സാമ്പത്തിക വളര്‍ച്ച ദേശീയ ദൗത്യമാണെന്ന് വരെ അവര്‍ പറഞ്ഞുവെച്ചു. എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കുന്നതിന് വിരുദ്ധമായ സമീപനങ്ങള്‍ ജോലി അന്വേഷിക്കുന്ന യുവാക്കള്‍ക്ക് പാരയായി മാറുകയായിരുന്നു.
ലേബറിന്റെ നികുതി വര്‍ദ്ധനവുകള്‍ തൊഴില്‍ അവസരങ്ങള്‍ വെട്ടിച്ചുരുക്കി യുവാക്കളില്‍ തൊഴിലില്ലായ്മ ഉയര്‍ത്താനാണ് സഹായിച്ചതെന്ന് ടോറി എംപിമാര്‍ ആരോപിക്കുന്നു. 14 ശതമാനമാണ് തൊഴിലില്ലായ്മ വര്‍ദ്ധിച്ചത്. കുറഞ്ഞ വരുമാനമുള്ളവരാണ് ഭൂരിഭാഗം യുവാക്കളും. ഹോസ്പിറ്റാലിറ്റി പോലുള്ള മേഖലകളിലാണ് ഇത് പ്രധാനമായും ആഞ്ഞടിച്ചത്.