ലേബര്‍ പാര്‍ട്ടിയെ ചരിത്ര വിജയത്തിലേക്ക് നയിച്ച് കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ പാളയത്തിലെ പട അദ്ദേഹത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഉപപ്രധാനമന്ത്രിയെ ഉള്‍പ്പെടെ ഈയൊരു കാലയളവില്‍ അദ്ദേഹത്തിന് നഷ്ടമായി. ഒപ്പം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച പ്രതീക്ഷയ്ക്ക് വിപരീതമായി സഞ്ചരിക്കുന്നത് ജനരോഷവും ഉയര്‍ത്തുന്നു.
ഇതിനിടെയാണ് സ്റ്റാര്‍മറുടെ ദിനങ്ങള്‍ തന്നെ എണ്ണപ്പെട്ടതിന്റെ സൂചന പുറത്തുവരുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിലെ രണ്ട് ഉന്നത നേതാക്കള്‍ തമ്മില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലെത്തിയെന്നാണ് വൈറ്റ്ഹാളില്‍ നിന്നുള്ള വിവരമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയും, പേരിന് അപ്പുറം അധികാരം കൊണ്ട് 'യഥാര്‍ത്ഥ ഉപപ്രധാനമന്ത്രിയെന്ന്' വിശേഷിപ്പിക്കുന്ന മോര്‍ഗാന്‍ മക്‌സ്വീനിയും തമ്മിലാണ് ഈ പാളയത്തിലെ പടയെന്നാണ് സൂചന.
പുറത്താക്കപ്പെട്ട യുഎസിലേക്കുള്ള അംബാസിഡര്‍ പീറ്റര്‍ മണ്ടേല്‍സന്റെ ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തിന്റെ പേരില്‍ കോമണ്‍സില്‍ പ്രധാനമന്ത്രിയെ എതിരാളികള്‍ വലിച്ചുകീറിയിരുന്നു. മുറിവേറ്റ് നം.10-ലേക്ക് തിരിച്ചെത്തിയ സ്റ്റാര്‍മര്‍ ചീഫ് ഓഫ് സ്റ്റാഫ് മക്‌സ്വീനിയോട് രോഷം പ്രകടമാക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന് നടിക്കാനാണ് നം. 10 ശ്രമിക്കുന്നത്.
മണ്ടേല്‍സന്‍ വിവാദം സമ്പൂര്‍ണ്ണ രാഷ്ട്രീയ പ്രതിസന്ധിയായി വളരുന്നതിനിടെ സ്റ്റാര്‍മറുടെ പ്രധാനമന്ത്രി പദവും അവസാനിക്കാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിലേക്കാണ് ലേബര്‍ എംപിമാര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ഡെപ്യൂട്ടി നേതൃപദവിക്കായി പോരാടുന്ന ലൂസി പവല്‍ ഇദ്ദേഹത്തിന്റെ 'പ്രതിനിധിയായാണ്' മത്സരിക്കുന്നതെന്നാണ് വിവരം.