നാണംകെട്ടവര്‍ക്ക് കൂടുതല്‍ നാണംകെടുന്നതിനെ കുറിച്ച് വലിയ ഭയമൊന്നും കാണില്ല. എന്നാല്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ നാണക്കേടിന്റെ കനല് അല്‍പ്പമൊന്ന് കെട്ടുവരുന്നതിനിടെ ഇതിലേക്ക് കൂടുതല്‍ എണ്ണ പകര്‍ന്ന് കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി ഡ്യൂക്ക് ആന്‍ഡ്രൂ രാജകുമാരന്‍ നടത്തിയ രഹസ്യ ഇമെയില്‍ ആശയവിനിമയങ്ങളാണ് പുറത്തുവരുന്നത്.
നൂറിലേറെ വരുന്ന രഹസ്യ ഇമെയിലുകളുടെ ശേഖരം പുറത്തുവരുന്നതോടെ ആന്‍ഡ്രൂവിന്റെ പൊതുജീവിതം തരിപ്പണമാകുമെന്നാണ് റിപ്പോര്‍ട്ട്. യോര്‍ക്ക് ഡ്യൂക്കും, ശിക്ഷിക്കപ്പെട്ട കുട്ടിപ്പീഡകനും തമ്മില്‍ നടത്തിയ ഇമെയില്‍ ഇടപാട് ഇപ്പോള്‍ യുഎസ് കോണ്‍ഗ്രസ് റിവ്യൂ ചെയ്ത് വരികയാണ്. ഇതുള്‍പ്പെടെ ആയിരക്കണക്കിന് രേഖകളാണ് പരിശോധനയ്ക്ക് ശേഷം പുറത്തുവിടുക.
എപ്സ്റ്റീന്‍ ബന്ധത്തിന്റെ പേരില്‍ യുഎസിലെ അംബാസിഡര്‍ സ്ഥാനത്ത് നിന്നും തെറിച്ച പീറ്റര്‍ മണ്ടേല്‍സനേക്കാള്‍ മോശമാകും ആന്‍ഡ്രൂവിന്റെ സ്ഥിതിയെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു. നാണക്കേട് സമ്മാനിക്കുമെന്ന് മാത്രമല്ല, ആന്‍ഡ്രൂവിനെ ഇത് തകര്‍ത്ത് കളയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
എപ്സ്റ്റീന് അയച്ച ഇമെയിലുകള്‍ പുറത്തായതോടെയാണ് ബ്രിട്ടീഷ് അംബാസിഡറായിരുന്ന മണ്ടേല്‍സന്‍ കഴിഞ്ഞ ആഴ്ച പുറത്തായത്. ആന്‍ഡ്രൂവിന് എതിരായ ലൈംഗിക ആരോപണം ഉന്നയിച്ച വിര്‍ജിനിയ ജിഫ്രെയുടെ അഭിഭാഷകന്‍ ഡേവിഡ് ബോയിസ് നല്‍കുന്ന സൂചന പ്രകാരം ഈ തെളിവുകളുടെ പശ്ചാത്തലത്തില്‍ രാജകുമാരന് എതിരെ ക്രിമിനല്‍ അന്വേഷണം തുടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.