ഡൗണിംഗ് സ്ട്രീറ്റിലെ കോലാഹങ്ങള്‍ ഇടവേളയില്ലാതെ തുടരുമ്പോള്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് പുതിയ തിരിച്ചടി. പ്രധാനമന്ത്രിയുടെ സ്ട്രാറ്റജി ഡയറക്ടറുടെ വിക്കറ്റാണ് ഏറ്റവും ഒടുവിലായി വീണിരിക്കുന്നത്. സീനിയര്‍ ലേബര്‍ എംപി ഡയാന്‍ ആബട്ടിനെ കുറിച്ച് അശ്ലീലം കലര്‍ന്ന സന്ദേശങ്ങള്‍ അയച്ചതായി വ്യക്തമായതോടെയാണ് പോള്‍ ഓവെന്‍ഡെന്‍ രാജിവെച്ചത്.
മുന്‍ ബ്രിട്ടീഷ് അംബാസിഡര്‍ മണ്ടേല്‍സനും, കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞിട്ടും ഇയാളെ പിന്തുണച്ചത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പാടുപെടുന്നതിന് ഇടയിലാണ് സ്ട്രാറ്റജി ഡയറക്ടറുടെ വിടവാങ്ങല്‍. നേരത്തെ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ രാജിവെച്ചതിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടാന്‍ മന്ത്രിസഭാ പുനഃസംഘടന പോലും നടത്തിയെങ്കിലും പ്രതിസന്ധി തുടരുകയാണ്.
ഇതോടെ കീര്‍ സ്റ്റാര്‍മര്‍ക്ക് പരസ്യമായി മുന്നറിയിപ്പ് നല്‍കി ലേബര്‍ എംപിമാര്‍ തന്നെ രംഗത്തെത്തി. പ്രധാനമന്ത്രി പദം രക്ഷിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. മണ്ടേല്‍സനെ പിന്തുണച്ച് 24 മണിക്കൂറിനുള്ളില്‍ ഇയാളെ യുഎസ് അംബാസിഡര്‍ പദവിയില്‍ നിന്നും പുറത്താക്കേണ്ടി വന്നതിന് ശേഷം സ്റ്റാര്‍മര്‍ ഒളിവിലാണെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക് ആരോപിച്ചിരുന്നു.
ഇതിന് ശേഷം തിങ്കളാഴ്ച ആദ്യമായി പൊതുമുഖത്ത് പ്രത്യക്ഷപ്പെട്ട സ്റ്റാര്‍മര്‍ക്ക് എപ്സ്റ്റീന്‍ വിവാദത്തില്‍ നിന്നും തലയൂരാന്‍ കഴിഞ്ഞിട്ടില്ല. ഇതുപോലൊരു വ്യക്തിയെ പിന്തുണച്ചത് എന്തിനെന്ന ചോദ്യങ്ങളാണ് കുരുക്കായി മാറുന്നത്. എന്നാല്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡറാക്കാന്‍ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനിയാണ് പിന്തുണ നല്‍കിയതെന്നും, ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും പ്രധാനമന്ത്രി ഇപ്പോള്‍ വാദിക്കുന്നു.
അതേസമയം നയതന്ത്ര പ്രതിനിധിയാക്കുമ്പോള്‍ കുപ്രശസ്തനായ എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞിരുന്നതായി സ്റ്റാര്‍മര്‍ സമ്മതിച്ചു.