'നീയൊന്നും ഈ രാജ്യത്ത് തുടരാന്‍ അര്‍ഹരല്ലെന്ന്' പറഞ്ഞ് ബ്രിട്ടനില്‍ ജനിച്ച സിഖ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കി പ്രതിയെ അറസ്റ്റ് ചെയ്തു. വംശവെറി നിറഞ്ഞ അക്രമമായി പോലീസ് വിശ്വസിക്കുന്ന സംഭവത്തില്‍ 30-കളില്‍ പ്രായമുള്ള പുരുഷനാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 9ന് രാവിലെ 8.30ഓടെയായിരുന്നു അതിക്രമം.
പ്രതി ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഇരയ്ക്ക് അധികൃതര്‍ ആവശ്യമായ പിന്തുണ നല്‍കിവരികയാണ്. കേസ് അന്വേഷണത്തില്‍ അറസ്റ്റ് സുപ്രധാന വഴിത്തിരിവാണെന്ന് ചീഫ് സൂപ്രണ്ട് കിം മാന്‍ഡില്‍ പറഞ്ഞു. അന്വേഷണം തുടരുകയാണ്. അതുകൊണ്ട് തന്നെ അഭ്യൂഹങ്ങള്‍ പരത്തരുത്, സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും പിടികൂടേണ്ടതുണ്ട്, അവര്‍ കൂട്ടിച്ചേര്‍ത്തു.
ലൈംഗിക അതിക്രമത്തില്‍ രണ്ട് വെള്ളക്കാരെയാണ് തേടുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഓള്‍ഡ്ബറിയിലെ ടെയിം റോഡില്‍ പട്ടാപ്പകലാണ് സംഭവം നടന്നത്. തല മൊട്ടയടിച്ച്, കറുത്ത സ്വെറ്റ്ഷര്‍ട്ട് ധരിച്ച ഒരാളും, ഒരു ഗ്രേ ടോപ്പ് ധരിച്ച മറ്റൊരാളുമാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.
20-കളില്‍ പ്രായമുള്ള പെണ്‍കുട്ടിയെ അക്രമിക്കുന്നതിനിടെ 'നിനക്ക് ഈ രാജ്യത്ത് സ്ഥാനമില്ലെന്നും, പുറത്ത് പോകാനും' ഇവര്‍ പറഞ്ഞുകൊണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രാദേശിക സമൂഹം തന്നോട് കാണിക്കുന്ന സ്‌നേഹത്തിനും, പിന്തുണയ്ക്കും ഇര നന്ദി അറിയിച്ചു. ഇത് ഒരിക്കലും ആര്‍ക്കും സംഭവിക്കരുത്. ജോലിക്കായി പോകുമ്പോഴാണ് ഈ അക്രമം നേരിട്ടത്. ഇത് കനത്ത ആഘാതമാണ്. എന്റെ കുടുംബം എനിക്കൊപ്പമുണ്ട്. ഒപ്പം സമൂഹവും. എത്രയും പെട്ടെന്ന് പ്രതികളെ പിടിക്കുമെന്നാണ് പ്രതീക്ഷ, യുകെ സിഖ് ഫെഡറേഷന്‍ വഴി നല്‍കിയ പ്രസ്താവനയില്‍ പെണ്‍കുട്ടി പറഞ്ഞു.