ലണ്ടനില്‍ തീവ്രവലത് പ്രതിഷേധങ്ങളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തതോടെ കുടിയേറ്റ വിരുദ്ധ സമീപനം വര്‍ദ്ധിക്കുമെന്ന് ആശങ്ക. ടോമി റോബിന്‍സണ്‍ എന്ന് അറിയപ്പെടുന്ന ആക്ടിവിസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദശകങ്ങള്‍ക്കിടെ കാണാത്ത തരത്തിലുള്ള ദേശീയ വികാരം ആളിക്കത്തിക്കുന്ന പരിപാടിയാണ് ലണ്ടനില്‍ അരങ്ങേറിയത്.
ട്രെയിനുകളിലും, കോച്ചുകളിലുമായി വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ലണ്ടനിലേക്ക് എത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആഘോഷം എന്നുപേരിട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ വംശീയമായ അസത്യങ്ങളും, മുസ്ലീം വിരുദ്ധതയുമാണ് ചടങ്ങില്‍ ഉടനീളം മുഴച്ചുനിന്നത്.
പോലീസ് പ്രതീക്ഷിച്ചതിനെ മറികടന്ന് ആളുകള്‍ എത്തിയതോടെ പല ഭാഗത്തും സംഘര്‍ഷാവസ്ഥ നിലനിന്നു. ഇതോടെ പോലീസും, പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
25-ഓളം പേരെ അറസ്റ്റ് ചെയ്തതായും, 26 പോലീസുകാര്‍ക്ക് പരുക്കേറ്റതായും മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. നാല് പേര്‍ക്ക് ഗുരുതര പരുക്കാണ് ഏറ്റിട്ടുള്ളത്. ജനക്കൂട്ടത്തെ എലണ്‍ മസ്‌ക് വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്തു. ബ്രിട്ടീഷ് മൂല്യങ്ങള്‍ കുറഞ്ഞ് വരുന്നതായും, യുകെ പാര്‍ലമെന്റ് പിരിച്ചുവിടണമെന്നും മസ്‌ക് ആവശ്യപ്പെട്ടു.