ഇടുക്കിയിലെ വണ്ണപ്പുറത്ത് പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. 'പൊലീസ് സ്റ്റേഷനില്‍ കയറി തല്ലിയിട്ടുണ്ട്, ഇനിയും തല്ലും, മുട്ടുകാല് തല്ലിയൊടിക്കും' എന്നാണ് വണ്ണപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷിന്റെ ഭീഷണി.
'അനാവശ്യമായി ഞങ്ങളുടെ പ്രവര്‍ത്തകരുടെ നേരെ വന്നാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും. തല്ലിയൊടിക്കുമെന്ന് പറഞ്ഞാല്‍ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് തന്നെയാണ് അതിന്റെ പച്ചമലയാളം. തല്ലിയിട്ടുമുണ്ട്. സി ഐയുടെ ഓഫീസില്‍ കയറി തല്ലിയിട്ടുണ്ട്. കസേര കൊണ്ട് തല്ലിയിട്ടുണ്ട്. അത് പഴയ എസ്ഐയോട് ചോദിച്ചാല്‍ മതി. മര്യാദകേട് കാണിച്ചാല്‍ പൊലീസ് സ്റ്റേഷനില്‍ കയറി തല്ലും' എന്നാണ് കാളിയാര്‍ പൊലീസ് സ്റ്റേഷനു മുമ്പില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ നേതാവ് പറഞ്ഞത്.
സിപിഐഎം പ്രവര്‍ത്തകരുടെ പരാതിയില്‍ സുരേഷിനെതിരെ പൊലീസ് കലാപശ്രമത്തിന് കേസെടുത്തു. എന്നാല്‍ സിപിഐഎമ്മിന്റെ വ്യാജ പരാതിയില്‍ തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്നും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നുമാണ് സുരേഷിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം വണ്ണപ്പുറം പഞ്ചായത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയില്‍ അനധികൃതമായി മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചതിനും കലാപശ്രമത്തിനും സുരേഷ് ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്.