മന്ത്രി സജി ചെറിയാന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ രൂക്ഷ വിമര്‍ശനം. സജി തന്നെ ഉപദേശിക്കാനായിട്ടില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന് അതിനുള്ള പ്രായവും പക്വതയുമായിട്ടില്ല. ആരോടാണെന്ന് ഓര്‍ക്കണം. എന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല. എന്നും പാര്‍ട്ടിക്കൊപ്പമാണ്. പാര്‍ട്ടി നശിക്കാന്‍ പാടില്ല. പാര്‍ട്ടി നയം അനുസരിച്ചാണ് പ്രവര്‍ത്തനം. പുന്നപ്ര വയലാറിന്റെ മണ്ണില്‍ നിന്നുകൊണ്ടാണിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എ കെ ബാലനെ പോലെ തനിക്ക് മാറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പോകണമെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ ഉപദേശം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം. പ്രശ്നങ്ങള്‍ തുറന്നമനസ്സോടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്ന ജി സുധാകരന്റെ ആരോപണത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.