ഹമാസ് ബന്ദികളാക്കിയ നാല് പേരുടെ മൃതദേഹങ്ങള്‍ വിട്ട് നല്‍കിയതായി സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ സേന. ഇന്നലെ രാത്രി റെഡ് ക്രോസ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുകയും ഇസ്രയേല്‍ സേനയ്ക്ക് കൈമാറുകയുമായിരുന്നു. 28 ബന്ദികളുടെ മൃതദേഹവും വിട്ടുനല്‍കിയില്ലെങ്കില്‍ ഗാസയിലേക്കുള്ള സഹായം തടയുമെന്ന ഇസ്രയേല്‍ ഭീഷണിക്ക് പിന്നാലെയാണ് ഹമാസ് ബന്ദികളുടെ മൃതദേഹം വിട്ടുനല്‍കിയത്. തിങ്കളാഴ്ച 20 ബന്ദികളെയും നാല് പേരുടെ മൃതദേഹവും ഹമാസ് വിട്ട് നല്‍കിയിരുന്നു.
ഇസ്രയേല്‍ 45 പലസ്തീനികളുടെ മൃതദേഹം ഇന്നലെ വിട്ടുനല്‍കി. ജീവനോടെയുള്ള എല്ലാ ബന്ദികളെയും ഹമാസ് വിട്ടയച്ചെങ്കിലും ബന്ദികളായവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാത്തതില്‍ ഹമാസിന് മേല്‍ സമ്മര്‍ദം വര്‍ധിക്കുകയാണ്. അതേസമയം വെടിനിര്‍ത്തലിന് പിന്നാലെ ഗാസയില്‍ ഹമാസ് പിടിമുറുക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഹമാസിനെതിരെ നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഹമാസ് ആയുധങ്ങള്‍ വെച്ച് കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹമാസ് അങ്ങനെ ചെയ്തില്ലെങ്കില്‍ അക്രമാസക്തമായ നടപടി സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു. ഹമാസ് ആയുധം തിരികെ വെക്കണമെന്നും ഗാസയില്‍ ആയുധനിര്‍മാണശാലകളില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സിബിസി ന്യൂസിനോട് പ്രതികരിച്ചു.