സംസ്ഥാന സര്‍ക്കാരിനു മേല്‍ തിരഞ്ഞെടുപ്പ് സമ്മര്‍ദ തന്ത്രവുമായി കത്തോലിക്ക സഭ. അധ്യാപക നിയമനത്തില്‍ സഭയ്ക്ക് അര്‍ഹിക്കുന്ന അവകാശം കിട്ടണമെന്നാണ് ആവശ്യം. വിമോചന സമരം ഓര്‍മിപ്പിച്ചാണ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ വാക്കുകള്‍.
സ്‌കൂള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തലകുത്തി വീണു. മറ്റുള്ളവര്‍ക്ക് കൊടുത്തത് കാത്തോലിക്കര്‍ക്കും കിട്ടണം. അവഗണന തിരിച്ചറിഞ്ഞു വോട്ട് ചെയ്യാന്‍ ഉള്ള ബോധം 50 ലക്ഷം വരുന്ന സഭാംഗങ്ങള്‍ക്ക് ഉണ്ടെന്നും പിടിച്ചു വാങ്ങാന്‍ ഉള്ള ശക്തി കാത്തോലിക്കര്‍ക്ക് ഇല്ലെന്ന് ധരിക്കുന്നുവെങ്കില്‍ തെറ്റിപ്പോയിയെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു.
സമുദായത്തിന്റെ സംഭാവനകള്‍ നിങ്ങളാരും അംഗീകരിച്ചില്ലെങ്കിലും കേരള ചരിത്രം നിഷ്പക്ഷമായി എഴുതുന്നവര്‍ അത് മറക്കില്ല. സാക്ഷരതയില്‍, ആരോഗ്യ മേഖലയില്‍, സാമൂഹ്യരംഗത്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരികയാണ്. അതുകഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു. ഒരു കക്ഷിയും ഞങ്ങളെ പരിഗണിക്കുന്നില്ലെങ്കില്‍ തിരിച്ചുകുത്താനുള്ള ബോധമുള്ളവരാണ് സമുദായംഗങ്ങളെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു.