
















ഗാസയില്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം. 18 പലസ്തീനികള്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടത്. തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിനു നേരെ ഹമാസ് വെടിയുതിര്‍ത്തെന്ന് ആരോപിച്ചാണ് പ്രത്യാക്രമണത്തിന് ഉത്തരവ് നല്‍കിയത്. ബന്ദികളുടെ മൃതദേഹം കൈമാറിയതു സംബന്ധിച്ച തര്‍ക്കങ്ങളും ആക്രമണത്തിന് കാരണമായിട്ടുണ്ട്.
തങ്ങളുടെ കൈവശമുണ്ടായിരുന്ന മൃതദേഹം കുഴിച്ചുമൂടിയശേഷം പുറത്തെടുത്ത് തെറ്റിദ്ധരിപ്പിക്കാന്‍ ഹമാസ് ശ്രമം നടത്തിയതായി ഇസ്രയേല്‍ ആരോപിച്ചു. ഹമാസ് കൈമാറിയ ഒരു മൃതദേഹഭാഗം രണ്ടു വര്‍ഷം മുമ്പ് മരിച്ച ബന്ദിയുടെതാണെന്നും നെതന്യാഹു ആരോപിച്ചു. ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം ഹമാസ് നിര്‍ത്തിവച്ചു. ഗാസയിലേക്കുള്ള മാനുഷിക സഹായം നിര്‍ത്തിവയ്ക്കുന്നത് അടക്കമുള്ള മാര്‍ഗങ്ങള്‍ ഇസ്രയേല്‍ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
ഗാസ സിറ്റി, ദെയ്ര്‍ അല്‍-ബലാഹ് എന്നിവയുള്‍പ്പെടെ ഗാസയുടെ വിവിധ ഭാഗങ്ങളില്‍ വെടിവയ്പ്പിന്റെ ശബ്ദം കേട്ടതായും സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ട്. ഗാസയിലെ ഇസ്രായേല്‍ സൈനികരെ ആക്രമിച്ചതിനും മരിച്ച ബന്ദികളെ തിരിച്ചയയ്ക്കുന്നതിനുള്ള കരാര്‍ ലംഘിച്ചതിനും ഹമാസ് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.