
















കല്ലുപ്പാറക്കാര്‍ എന്ന വികാരമാണ് അവരെ ഒന്നിപ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ എന്ന ഗ്രാമത്തില്‍ നിന്നുള്ളവര്‍ ഒക്ടോബര്‍ 25 ആം തിയതി ലെസ്റ്ററില്‍ ഒന്നിച്ചപ്പോള്‍ അത് ആ നാടിനോടുള്ള ആദരവ് കൂടിയായി. മതേതരത്വത്തിന് പേരുകേട്ട നാടാണ് കല്ലൂപ്പാറ. പള്ളിയിലെയും അമ്പലത്തിലേയും പെരുന്നാളും ഉത്സവവും ഒന്നായി ഏറ്റെടുത്തു ആഘോഷിക്കുന്ന നാട്. ജാതി- മത വ്യത്യാസങ്ങള്‍ക്ക് അതീതമായി കല്ലൂപ്പാറക്കാര്‍ എന്ന വികാരം നെഞ്ചിലേറ്റിയവര്‍ . ആ നാട്ടില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയവര്‍ നിരവധിയാണ്. അത്തരത്തില്‍ യുകെയില്‍ എത്തിയ കല്ലൂപ്പാറക്കാരാണ് ലെസ്റ്ററില്‍ ഒത്തുകൂടിയത്.
'എന്റെ നാട് കല്ലൂപ്പാറ ' എന്ന പേരിലാണ് യുകെയിലെ പ്രഥമ കുടുംബ സംഗമം നടത്തിയത്. നാല്‍പതോളം കുടുംബങ്ങളില്‍ നിന്നും എഴുപതില്‍ അധികം പേര്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. യുണൈറ്റഡ് കല്ലൂപ്പാറയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാ പരിപാടികള്‍ ചടങ്ങിന് മിഴിവേകി.
ആദ്യകാലങ്ങളില്‍ കല്ലൂപ്പാറയില്‍ നിന്നും യുകെയില്‍ എത്തി ജീവിതം കെട്ടിപ്പടുത്തിയവരുടെ അനുഭവ വിവരണം വേറിട്ടതയിരുന്നു. തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളും തരണം ചെയ്ത പ്രതിസന്ധികളും പങ്കുവച്ചപ്പോള്‍ പലരും വികാരാധീനരായി. ആ അനുഭവങ്ങള്‍ പുതുതലമുറയിലെ പലര്‍ക്കും പ്രചോദനമായിരുന്നു.ഒപ്പം പുതുതായി ഇവിടെ എത്തിചേര്‍ന്നവരും അവരും അനുഭവങ്ങളും പങ്കുവെച്ചു.സഹായഹസ്തം വേണ്ടവര്‍ക്ക് അത് ലഭിച്ചതോടെ കൂട്ടായ്മ പരസ്പര സഹകരണത്തിന്റെ മറ്റൊരു മാതൃക കൂടി തീര്‍ത്തു.
കലാമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും ചടങ്ങില്‍ നടന്നു. യുണൈറ്റഡ് കല്ലൂപ്പാറയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വരും വര്‍ഷങ്ങളില്‍ വിപുലമായ കുടുംബ സംഗമം നടത്തുന്നതിനും ധാരണയായി. യുകെയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ള കൂടുതല്‍ കല്ലൂപ്പാറക്കാരെ ഒരുമിപ്പിക്കാനുള്ള ഉദ്യമം ഭാരവാഹികള്‍ നടത്തും.
ഒരു നാടിന്റെ കൂട്ടായ്മ എന്നതിലുപരി പരസ്പരം സഹായത്തിന്റെയും സഹകരണത്തിന്റെയും വേദി കൂടിയായി തങ്ങളുടെ കൂട്ടായ്മയെ മാറ്റണമെന്നാണ് ആഗ്രഹം എന്ന് ഭാരവാഹികള്‍ പറഞ്ഞു. സന്തോഷവും സൗഹൃദവും കളിയും ചിരിയുമായി ഒരുപിടി നല്ല ഓര്‍മകളാല്‍ സമ്പന്നമായിരുന്നു 'എന്റെ നാട് കല്ലൂപ്പാറ 'എന്ന കുടുബ സംഗമം.ഇനിയും ഇതുപോലുള്ള കൂട്ടായ്മകള്‍ ഉണ്ടാകാന്‍ യുണൈറ്റഡ് കല്ലൂപ്പാറ പ്രചോദനം ആകട്ടെ എന്നും ഭാരവാഹികള്‍ പ്രതിക്ഷ പങ്കുവെച്ചു.