CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 50 Minutes 14 Seconds Ago
Breaking Now

ജപ്പാന്‍ അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ വീണ്ടും അജയ്യനായി ടോം ജേക്കബ്: ഉയര്‍ത്തിയത് സ്വര്‍ണ്ണ മെഡലിനോടൊപ്പം, ഉന്നത ബഹുമതികളും

മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ് ആയ, എട്ടാം ഡാന്‍ നേടിയ ടോം, കരാട്ടെ ഗ്രാന്‍ഡ് മാസ്റ്റര്‍ റാങ്കുള്ള വ്യക്തിയാണ്.

ഗ്ലാസ്ഗോ: ജപ്പാനില്‍ വെച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍  ഒന്നാം സ്ഥാനവും, സ്വര്‍ണമെഡലും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിക്കൊണ്ട്  യു കെ ക്കും, ഒപ്പം മലയാളികള്‍ക്കും വീണ്ടും അഭിമാനം പകരുന്ന വിജയവുമായി ടോം ജേക്കബ്. ജപ്പാനില്‍ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിലാണ് ടോം ജേക്കബ് ചാമ്പ്യന്‍ പട്ടം നിലനിറുത്തിയത്.  

മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ് ആയ, എട്ടാം ഡാന്‍ നേടിയ ടോം, കരാട്ടെ ഗ്രാന്‍ഡ് മാസ്റ്റര്‍ റാങ്കുള്ള വ്യക്തിയാണ്.  കരാട്ടേയിലെ പരിചയം, ജ്ഞാനം, കഴിവ്, സാങ്കേതികത്വം, സ്വഭാവം, അച്ചടക്കം, പെരുമാറ്റം അടക്കം വ്യക്തിഗത മാനദണ്ഡങ്ങള്‍ കണക്കില്‍ എടുത്താണ് 8 ഡാന്‍ ബ്ലാക്ക്  ബെല്‍റ്റ്  ടെസ്റ്റിനു യോഗ്യതയും, തുടര്‍ന്നുള്ള ടെസ്റ്റിന് ശേഷമാണ് റാങ്കിങ്ങും പരിഗണിക്കുന്നത്.

കരാട്ടെ ആയോധന കലയിലെ  ഏറ്റവും ഉയര്‍ന്ന  'ഹാന്‍ഷി' സീനിയര്‍ മാസ്റ്റര്‍ തിലകം (മോഡല്‍ മാസ്റ്റര്‍ ഓഫ് മാസ്റ്റേഴ്‌സ്) കരസ്ഥമാക്കിക്കൊണ്ടാണ് ടോം ജപ്പാനില്‍ നിന്നും, ഗ്‌ളാസ്‌ഗോയിലേക്കു മടങ്ങുന്നത്. ഷോട്ടോകാന്‍ കരാട്ടെ ആഗോള ചെയര്‍മാനായ ഗ്രാന്‍ഡ് മാസ്റ്റര്‍ കെന്‍ജി നുമ്രയുടെ  ( 10th ഡാന്‍ റഡ്‌ബെല്‍റ്റ്)  കൈകളില്‍ നിന്നും ഈ അംഗീകാരം ഏറ്റുവാങ്ങുവാന്‍ കഴിഞ്ഞത് വലിയ സ്വപ്ന സാക്ഷാല്‍ക്കരമായി എന്ന് ടോം അഭിമാനപൂര്‍വ്വം പറഞ്ഞു. 'ഹാന്‍ഷി' അംഗീകാരം നേടിയ ടോമിന്, കരാട്ടെയിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ റെഡ് ബെല്‍റ്റ് ധരിച്ചു കൊണ്ട് പരിശീലനം നല്‍കുവാനും കഴിയും. 

അടിപതറാത്ത ചുവടുമായി ആയോധനകലയില്‍ അജയ്യനായി തുടരുന്ന 'ഹാന്‍ഷി' ടോം, കുട്ടനാട്ടിലെ, കിഴക്കിന്റെ വെനീസെന്ന് ഖ്യാതി നേടിയ  ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് സ്വദേശിയാണ്. പുരാതനവും പ്രശസ്തവുമായ  കാഞ്ഞിക്കല്‍ (പായിക്കളത്തിലെ കുടുംബാംഗമാണ് ഈ കരാട്ടെ ആയോധന കലയിലെ ലോക ചാമ്പ്യന്‍. ഒമ്പതാം വയസ്സില്‍ ആയോധനകല അഭ്യസിച്ചു തുടങ്ങിയ ടോം സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, കേരള സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്  സ്‌കോട്‌ലന്‍ഡിലെ ഇന്‍വര്‍ക്ലൈഡിലേക്ക് എത്തുന്നത്. മാര്‍ക്കറ്റിങ്ങില്‍  എംബിഎ പോസ്റ്റഗ്രാജുവേഷന്‍ പഠനത്തിന്നയെത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു.

കഴിഞ്ഞ 40 വര്‍ഷമായി ആയോധന കലയില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്ന പരിശീലകരുടെ കിഴില്‍ പരിശീലനം തുടരുന്ന ടോം, ഇപ്പോള്‍ അച്ചടക്കം പഠിപ്പിക്കുകയും, കരാട്ടേ,  എംഎംഎ (മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ), കിക്ക് ബോക്‌സിങ്, മുവായ് തായ്, യോഗ, റെസ്ലിങ്, കളരിപ്പയറ്റ് എന്നീ ആയോധന കലകള്‍  പരിശീലിപ്പിക്കുന്നുമുണ്ട്. അതുകൂടാതെ 'ഹാന്‍ഷി' ടോം, യു കെ ബോക്‌സിങ് കോച്ച്, വ്യക്തിഗത പരിശീലകന്‍ എന്ന നിലകളിലും പ്രവര്‍ത്തിക്കുന്ന  ടോം, യു കെ യില്‍ കരാട്ടെയില്‍ എക്‌സലന്റ് സര്‍ട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്.

അന്തരാഷ്ട്ര മത്സരത്തില്‍ തന്റെ ഇഷ്ട ഇനമായ കരാട്ടെയില്‍ വിജയക്കൊടി വീണ്ടും പാറിക്കുവാന്‍ കഴിഞ്ഞതില്‍ അതീവ അഭിമാനമുണ്ടെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാന്‍ സാധിച്ചത്, മികച്ച അനുഭവമായിരുന്നു എന്നും ടോം പറഞ്ഞു. ജപ്പാന്‍ സന്ദര്‍ശനങ്ങള്‍ ഏറെ ആസ്വദിക്കുവെന്നും, രാജ്യം വളരെ 

മനോഹരമാണെന്നും അവിടുത്തെ ജനത ഏറെ  അച്ചടക്കവും, നിശ്ചയ ദാര്‍ഢ്യം ഉള്ളവരാണെന്നും ആണ് ഈ ലോക ചാമ്പ്യന്റെ ഭാഷ്യം.

 

ടെലിഗ്രാഫ് അടക്കം ഇംഗ്ലീഷ് മാദ്ധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ തന്നെ വാര്‍ത്ത പബ്ലിഷ് ചെയ്തിട്ടുണ്ട്. കൂടാതെ ടിവി ഇന്റര്‍വ്യൂവിനും ടോമിന് ക്ഷണം വന്നിട്ടുണ്ട്. 

 

ഗ്ലാസ്ഗോ, കിംഗ്സ്റ്റണ്‍ ഡോക്കില്‍ ഭാര്യ ജിഷ ഗ്രിഗറിക്കും (എന്‍എച്ചസ് കമ്മ്യൂണിറ്റി നേഴ്‌സ്), അവരുടെ 16 വയസ്സുള്ള മകന്‍ ലിയോണിനുമൊപ്പം (സ്‌കോട്‌ലന്‍ഡ് ബോക്‌സിംഗ് ചാമ്പ്യന്‍) കുടുംബ സമേതം താമസിക്കുന്ന ടോം, തന്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു. 

 

ജപ്പാനിലെ ഒകിനാവ കരാട്ടെ ഇന്റര്‍നാഷണല്‍ സെമിനാറില്‍ പങ്കെടുത്തതിന് ശേഷം 2019-ല്‍  ആയോധനകലയില്‍ യുകെ യുടെ അംബാസഡറും, ഇന്റര്‍നാഷണല്‍ ഷോറിന്‍-റ്യൂ റൈഹോക്കന്‍ അസോസിയേഷന്റെ ചീഫ് ഇന്‍സ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളുടെയും പുരസ്‌കാരങ്ങളുടെയും  നിറവില്‍ യു കെ യില്‍  പ്രശസ്തനുമാണ് ടോം ജേക്കബ്. അര്‍പ്പണ മനോഭാവത്തോടെ പരിശീലനം തുടര്‍ന്നു പോരുന്ന ടോം ജേക്കബ്, ആഗോളതലത്തില്‍ കരാട്ടെയില്‍ അജയ്യനായി തുടരാനുള്ള ദൃഢ നിശ്ചയത്തിലാണ്. 

Appachan Kannanc-hira




കൂടുതല്‍വാര്‍ത്തകള്‍.