
















സാലിസ്ബറി: ഇക്കഴിഞ്ഞ ശനിയാഴ്ച്ച സാലിസ്ബറിയില്‍ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് ആവേശകരമായ സമാപനം. രാവിലെ എട്ടുമണിക്ക് രജിസ്‌ട്രേഷനോടെ ആരംഭിച്ച കലാമേള മത്സരങ്ങള്‍ 8:45 ഓടെ അഞ്ചു വേദികളിലായി ആരംഭിച്ചിരുന്നു. സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ ദേശീയ അധ്യക്ഷന്‍ അഡ്വ എബി സെബാസ്റ്റിയന്‍ കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ബേസിംഗ്സ്റ്റോക് കൗണ്‍സിലര്‍ സജീഷ് ടോം, ദേശീയ വൈസ് പ്രസിഡന്റ് റെയ്മോള്‍ നിധിരി, മുന്‍ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ്, നാഷണല്‍ എക്‌സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങളായ ബെന്നി അഗസ്റ്റിന്‍, സുരേന്ദ്രന്‍ ആരക്കോട്ട്, രാജേഷ് രാജ്, വൈസ് പ്രസിഡന്റുമാരായ ചാര്‍ളി മാത്യു, ടെസി മാത്യു, ജോയിന്റ് സെക്രട്ടറി ശാലിനി റിജേഷ്, മറ്റു റീജിയണല്‍ ഭാരവാഹികള്‍, സംഘാടക സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി ജോബി തോമസ് സ്വാഗതവും ട്രഷറര്‍ ബേബി വര്‍ഗ്ഗീസ് ആലുങ്കല്‍ നന്ദിയും രേഖപ്പെടുത്തി.
റീജിയണല്‍ കലാമേളയില്‍ ചരിത്ര നേട്ടവുമായാണ് ആദ്യമായി ഐ എം എ ബാന്‍ബറി ചാമ്പ്യന്‍ പട്ടത്തില്‍ മുത്തമിട്ടത്. മുന്‍ ചാമ്പ്യന്മാരെ പിന്തള്ളി 117 പോയിന്റുമായാണ് ഐ എം എ ബാന്‍ബറി ഒന്നാമതെത്തിയത്. തൊട്ടുപിന്നില്‍ 108 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ എസ്എംസിഎ യോവില്‍ റണ്ണറപ്പായപ്പോള്‍ 80 പോയിന്റുമായി വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ സെക്കന്‍ഡ് റണ്ണറപ്പായി.
മില്‍ട്ടണ്‍ കെയ്ന്‍സ് മലയാളി അസോസിയേഷന്റെ (മിക്മ) ആഞ്ജലീന വെസ്റ്റിനാണ് കലാതിലകം. മോഹിനിയാട്ടത്തിലും സോളോ സോങിലും ഒന്നാം സ്ഥാനവും സിനിമാറ്റിക് ഡാന്‍സില്‍ മൂന്നാം സ്ഥാനവും നേടി പതിനൊന്ന് പോയിന്റുമായാണ് ആഞ്ജലീന വെസ്റ്റിന്‍ കലാതിലക പട്ടത്തിന് അര്‍ഹയായത്. സിനിമാറ്റിക് ഡാന്‍സില്‍ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി എട്ടു പോയിന്റുമായി വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ അലന്‍ ബഷീര്‍ കലാപ്രതിഭയായി. മലയാളം പദ്യപാരായണത്തിനും മലയാളം പ്രസംഗത്തിനും ഒന്നാം സ്ഥാനം നേടി സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോയിയേഷന്റെ ഇഷാന്‍ ആര്‍ നായര്‍ ഭാഷാകേസരി പുരസ്‌കാരം നേടി.
കിഡ്‌സ് വിഭാഗത്തില്‍ സാലിസ്ബറി മലയാളി അസോസിയേഷന്റെ ജെയ്സ് ജിനോയ്‌സ് വ്യക്തിഗത ചാമ്പ്യനായപ്പോള്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോയിയേഷന്റെ ഇഷാന്‍ ആര്‍ നായര്‍ വ്യക്തിഗത ചാമ്പ്യനായി. ജൂനിയര്‍ വിഭാഗത്തില്‍ മില്‍ട്ടണ്‍ കെയ്ന്‍സ് മലയാളി അസോയിയേഷന്റെ ആഞ്ജലീന വെസ്റ്റിന്‍ വ്യക്തിഗത ചാമ്പ്യനായപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ ഐ എം എ ബാന്‍ബറിയുടെ അക്ഷയ് ധനഞ്ജയനും സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കൃഷ്ണേന്ദു ഉണ്ണിയും വ്യക്തിഗത ചാമ്പ്യന്‍ പട്ടം പങ്കിട്ടു.
വൈകുന്നേരം ഏഴര മണിയോടെ ആരംഭിച്ച സമാപന സമ്മേളനം യുക്മ നാഷണല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായ ബേസിംഗ്സ്റ്റോക് കൗണ്‍സിലര്‍ സജീഷ് ടോം ആശംസകള്‍ നേര്‍ന്നു. വിജയികള്‍ക്ക് യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികളും അസോസിയേഷന്‍ ഭാരവാഹികളും യുക്മ പ്രതിനിധികളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. രാത്രി ഒന്‍പതര മണിയോടെ കലാമേളയ്ക്ക് തിരശീല വീണു.
സുജു ജോസഫ്
(പിആര്‍ഒ, യുക്മ സൗത്ത് വെസ്റ്റ് )