
















വനിതാ ജീവനക്കാരുടെ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ നാഗമംഗലത്തുള്ള ടാറ്റാ ഇലക്ട്രോണിക്സിന്റെ ഹോസ്റ്റലിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. ഒഡീഷ സ്വദേശിനിയും നാഗമംഗലത്തെ ടാറ്റാ ഇലക്ട്രോണിക്‌സ് ജീവനക്കാരിയുമായ നീല്‍കുമാരി ഗുപ്ത (22), ഇവരുടെ കാമുകന്‍ സന്തോഷ് (25) എന്നിവരാണ് പിടിയിലായത്. ലാലിക്കല്‍ പ്രദേശത്തെ 'വിദ്യാല്‍ റെസിഡന്‍സി' എന്ന വനിതാ ഹോസ്റ്റലിലാണ് നീല്‍കുമാരി താമസിച്ചിരുന്നത്. സന്തോഷിന്റെ നിര്‍ദേശപ്രകാരമാണ് നീല്‍കുമാരി ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചത്. ബെംഗളൂരുവില്‍ നിന്നാണ് സന്തോഷിനെ ഉടനപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ താമസിച്ചിരുന്ന മുറിയിലെ കുളിമുറിയില്‍ ഞായറാഴ്ചയാണ് ഒളിക്യാമറ സ്ഥാപിച്ചത്. നീല്‍കുമാരിയും ഇതേ മുറിയിലെ താമസക്കാരിയായിരുന്നു. എന്നാല്‍, മുറിയിലുണ്ടായിരുന്ന മറ്റ് യുവതികള്‍ ചൊവ്വാഴ്ച ഒളിക്യാമറ കണ്ടെത്തുകയും ഹോസ്റ്റല്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
അതേസമയം, ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോസ്റ്റലിലെ 6,000-ത്തിലധികം അന്തേവാസികള്‍ ആശങ്ക അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഹോസ്റ്റലിലെ രണ്ടായിരത്തിലധികം വനിതാ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഹോസൂര്‍ അഡീഷണല്‍ കളക്ടര്‍ ആകൃതി സേഥി, എസ്.പി. തങ്കദുരൈ എന്നിവര്‍ സ്ഥലത്തെത്തി. ചര്‍ച്ചകള്‍ക്കായി നൂറിലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ബുധനാഴ്ചയും നിരവധി ജീവനക്കാരുടെ രക്ഷിതാക്കള്‍ ഹോസ്റ്റലിന് പുറത്ത് തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിച്ചു.
പോലീസ് പിടിച്ചെടുത്ത ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അഡീഷണല്‍ എസ്.പി. ശങ്കര്‍ പറഞ്ഞു. കൂടുതല്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായി വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള പത്ത് പോലീസ് സംഘങ്ങള്‍ ഹോസ്റ്റലിലെ ഓരോ മുറിയിലും പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.