
















ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സര്‍ക്കാര്‍ ചോരിയിലെ ആരോപണം നിഷേധിച്ച് വോട്ടര്‍. വോട്ടര്‍മാരുടെ ചിത്രത്തിന്റെ സ്ഥാനത്ത് 100 ലധികം തവണ വന്ന ചരണ്‍ജിത് കൗറാണ് ആരോപണം നിഷേധിച്ചത്. തന്റെ വോട്ട് മാത്രമാണ് ചെയ്തതെന്ന് ചരണ്‍ജിത് കൗര്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.
10 വര്‍ഷമായി ഫോട്ടോകള്‍ ഇത്തരത്തിലാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളതെന്നും മാറ്റാന്‍ പലതവണ ശ്രമിച്ചിട്ടും മാറ്റം ഉണ്ടായില്ല എന്നും അവരുടെ കുടുംബം വ്യക്തമാക്കി. 75കാരിയായ ചരണ്‍ജിത് കൗറിന്റെ ചിത്രം 223 തവണ ഉപയോഗിച്ചതായാണ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത്. ഇവര്‍ എത്ര തവണ വോട്ട് ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് താന്‍ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാക്കി ചരണ്‍ജിത് രംഗത്തെത്തിയത്. കൗറിന്റെ ചിത്രം നല്‍കിയിരിക്കുന്നത് യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരിന് നേര്‍ക്കാണെന്നും വോട്ടര്‍ ഐഡി കാണിച്ച് ഇവരില്‍ പലരും വോട്ട് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ട് ക്രമക്കേടിനായി തന്റെ ചിത്രം ഉപയോഗിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ പ്രതികരിച്ച് ബ്രസീലിയന്‍ മോഡല്‍ ലാരിസ ബൊനേസിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാരിസയുടെ ചിത്രം ഉപയോഗിച്ച് 10 ബൂത്തുകളിലായി 22 വോട്ട് ചേര്‍ത്തു എന്ന ആരോപണത്തിലായിരുന്നു ലാരിസയുടെ പ്രതികരണം. ഇന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തന്റെ ചിത്രം ഉപയോഗിച്ചതിന്റെ ഞെട്ടലായിരുന്നു ലാരിസ പ്രകടിപ്പിച്ചത്. ഉപയോഗിച്ചത് തന്റെ പഴയ ചിത്രമാണെന്നും അന്ന് താന്‍ ചെറുപ്പക്കാരിയായിരുന്നെന്നും ലാരിസ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. 'എന്റെ ആ പഴയ ചിത്രം അവര്‍ ഇന്ത്യയില്‍ വോട്ടിനായി ഉപയോഗിക്കുന്നു. പരസ്പരം പോരടിക്കാന്‍ അവര്‍ എന്റെ ചിത്രം ഉപയോഗിക്കുന്നു. എന്ത് ഭ്രാന്താണെന്ന് നോക്കൂ..' ലാരിസ പറഞ്ഞു.