
















മധ്യപ്രദേശ് സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണം കീറിയെടുത്ത പേപ്പര്‍ കഷ്ണങ്ങളിലിട്ട് കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. വെറും നിലത്ത് വിരിച്ച പത്രക്കടലാസില്‍ ഭക്ഷണമിട്ട് കുട്ടികള്‍ കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിജയ്പൂരിലെ ഹുള്‍പുര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ജില്ലാ കളക്ടറുടേയും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്റേയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
രാജ്യമെമ്പാടുമുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വിഡിയോയ്ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മധ്യപ്രദേശ് സര്‍ക്കാരിനും സംഭവം വലിയ തലവേദനയായി. പിന്നാലെ സ്‌കൂള്‍ പ്രിന്‍സിപ്പലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കുട്ടികള്‍ക്ക് വെറും പത്രക്കടലാസിന് പകരം ഒരു പേപ്പര്‍ പ്ലേറ്റെങ്കിലും വാങ്ങി നല്‍കാത്തത് എന്തെന്ന് ചോദിക്കുന്നു നെറ്റിസണ്‍സ്. മധ്യപ്രദേശില്‍ പിഎം ശ്രീ പദ്ധതിയുടെ അടക്കം പരാജയമാണ് ഇതെന്ന തരത്തിലാണ് കമന്റുകള്‍. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പോഷകസമൃദ്ധവും ശുചിത്വവുമുള്ള ഭക്ഷണം നല്‍കുക എന്നതുള്‍പ്പെടെയാണ് പിഎം ശ്രീയുടെ പ്രഖ്യാപിത ലക്ഷ്യം.