
















ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിന്റെ വീഡിയോ യുവതി പകര്‍ത്തിയിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു
വീഡിയോ പരിശോധിച്ച ബെംഗളൂരു വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്.
ചര്‍ച്ച് സ്ട്രീറ്റില്‍ നിന്ന് തന്റെ പിജിയിലേക്ക് മടങ്ങിവരികയായിരുന്നു യുവതി. ഡ്രൈവര്‍ കാലില്‍ സ്പര്‍ശിച്ചതോടെ യുവതി മൊബൈലില്‍ ചിത്രീകരിച്ചു. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും ഇത് ചെയ്യരുതെന്നും യുവതി ഡ്രൈവറോട് പറഞ്ഞു. എന്നാല്‍ ഡ്രൈവര്‍ പ്രവൃത്തി നിര്‍ത്തിയില്ല.
പിന്നീട് പിജിയിലെത്തിയ ശേഷം മറ്റൊരു വ്യക്തി ഈ സംഭവം ശ്രദ്ധിക്കുകയും യുവതിയോട് ക്ഷമ പറയാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവര്‍ തന്നോട് ക്ഷമ പറഞ്ഞെന്നും യുവതി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. എന്നാല്‍ താന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ സമൂഹത്തില്‍ സുരക്ഷിതരല്ലെന്ന തോന്നലിലാണ് പരാതിയുമായി വന്നതെന്നും യുവതിയുടെ പോസ്റ്റില്‍ പറഞ്ഞു.