
















ഗുജറാത്തിലെ ഗോധ്രയില്‍ വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു. ഗോധ്രയിലെ വര്‍ധമാന്‍ ജ്വല്ലേഴ്സിന്റെ ഉടമ കമല്‍ ദോഷി (50), ഭാര്യ ദേവല്‍ (45), മക്കളായ ദേവ് (24), രാജ് (22) എന്നിവരാണ് മരിച്ചത്. ദേവിന്റെ വിവാഹനിശ്ചയത്തിനായി വാപിയിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് തീപിടിച്ചതെന്ന് കരുതുന്നു.
അപകട സമയത്ത് വീടിന്റെ എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നു,. വീട് മുഴുവന്‍ പുക നിറഞ്ഞ നിലയിലായിരുന്നു. പുക ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്ന് കരുതുന്നതായി ഫയര്‍ ഓഫീസര്‍ മുകേഷ് അഹിര്‍ പറഞ്ഞു. വീട്ടില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് കണ്ട് അയല്‍വാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ പുക പുറത്തേക്ക് പോകാന്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഈ സമയത്താണ് വീടിനകത്ത് മുകളിലെ നിലയിലെ മുറിയില്‍ നാല് പേരെയും അബോധാവസ്ഥയില്‍ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ നാല് പേരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.