
















മോര്‍ട്ട്‌ഗേജ് ചെലവുകളില്‍ അടുത്ത മൂന്ന് വര്‍ഷവും ആശ്വാസം പ്രതീക്ഷിക്കേണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പലിശ നിരക്കുകള്‍ താഴേക്ക് പോകുമ്പോഴും നാല് മില്ല്യണ്‍ കുടുംബങ്ങള്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ നേരിടുമെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം.
ഹോം ലോണുകളുടെ പകുതിയില്‍ താഴെ മാത്രം വരുന്ന ഈ സംഖ്യയില്‍ നിന്നും മുന്‍ വര്‍ഷങ്ങളിലെ വര്‍ദ്ധനവുകള്‍ ഭൂരിഭാഗം പേരെയും കുഴപ്പിച്ചില്ലെന്നും വ്യക്തമായി. 2021 ഡിസംബര്‍ മുതലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്. പൂജ്യത്തിന് അരികില്‍ നിന്നും 2023 സമ്മറില്‍ 5.25 ശതമാനത്തിലേക്ക് ഇത് വര്‍ദ്ധിച്ചു.
തൊട്ടടുത്ത വര്‍ഷം മുതല്‍ ഇത് കുറയ്ക്കാന്‍ തുടങ്ങിയെങ്കിലും നിലവില്‍ 4 ശതമാനത്തിലാണ് പലിശ നിരക്കുകള്‍ എത്തിനില്‍ക്കുന്നത്. മുന്‍പ് റെക്കോര്‍ഡ് താഴ്ചയില്‍ ഇരുന്ന സ്ഥാനത്തേക്ക് എത്തിച്ചേരാന്‍ ഇനിയുമേറെ സമയം വേണ്ടിവരും. ഇതോടെ കുറഞ്ഞ നിരക്കുള്ളപ്പോള്‍ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകള്‍ എടുത്തവര്‍ക്ക് കാലാവധി അവസാനിക്കുമ്പോള്‍ ഇതിന്റെ ഷോക്ക് അനുഭവപ്പെടും.
'കടമെടുപ്പ് ചെലവുകള്‍ ബാങ്ക് റേറ്റ് കുറയ്ക്കുന്നതിനാല്‍ താഴ്ന്ന് വരുന്നുണ്ട്. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷം ചില കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്ക് നേരിടേണ്ടി വരും', ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് പറയുന്നു. മൂന്ന് മില്ല്യണ്‍ കുടുംബങ്ങളുടെ തിരിച്ചടവുകള്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ കുറയുകയും ചെയ്യും. ഈ കാലയളവില്‍ 43 ശതമാനം മോര്‍ട്ട്‌ഗേജ് അക്കൗണ്ടുകളാണ് ഉയര്‍ന്ന റേറ്റിലേക്ക് റീഫൈനാന്‍സ് ചെയ്യേണ്ടിവരുന്നത്. ഇതില്‍ ഫിക്‌സഡ്, വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഉള്‍പ്പെടും.