
















വിന്ററില്‍ എന്‍എച്ച്എസില്‍ ദുരിതക്കൊടുങ്കാറ്റ് വിതയ്ക്കുമെന്ന് മുന്നറിയിപ്പുമായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. രോഗികള്‍ക്ക് മണിക്കൂറുകളോളം ട്രോളികളില്‍ കോറിഡോറിലും, കബോര്‍ഡിലുമായി കാത്തിരിക്കേണ്ടി വരുമെന്നാണ് ആര്‍സിഎന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.
പ്രതിസന്ധി ഉടലെടുക്കുമ്പോഴും കൈകാര്യം ചെയ്യാന്‍ ഗവണ്‍മെന്റിന് യാതൊരു തിടുക്കവുമില്ലെന്ന് ആര്‍സിഎന്‍ കുറ്റപ്പെടുത്തി. ആശുപത്രികളിലും, കെയര്‍ ഹോമുകളിലും കപ്പാസിറ്റി ഉയര്‍ത്താന്‍ പരാജയപ്പെടുകയും ചെയ്യുന്നു.
ഡിമാന്‍ഡ് അനുസരിച്ച് ശേഷി ഉയര്‍ത്താന്‍ ആശുപത്രികള്‍ക്ക് സാധിക്കുന്നില്ല. രോഗികളുടെ സ്വകാര്യ പരിശോധന പോലും പൊതുസ്ഥലത്ത് നടത്താന്‍ ജീവനക്കാര്‍ നിര്‍ബന്ധിതമാകുന്നുണ്ട്. എമര്‍ജന്‍സി ഓക്‌സിജന്‍ പോലുമില്ലാത്ത കബോര്‍ഡിലും, ഓഫീസിലും വരെ രോഗികളെ കാത്തിരുത്തേണ്ട അവസ്ഥയും നേരിടുന്നതായി ആര്‍സിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഈ വിന്ററിലും നഴ്‌സിംഗ് ജീവനക്കാരെ തോല്‍പ്പിക്കാനുള്ള തയ്യാറെടുപ്പാണ്, രോഗികളാണ് ഇതിന്റെ പ്രത്യാഘാതം നേരിടുക', യൂണിയന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ നിക്കോള റേഞ്ചര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ റസിഡന്റ് ഡോക്ടര്‍മാര്‍ ക്രിസ്മസിന് തൊട്ടുമുന്‍പ് ഡിസംബര്‍ 17 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തിരക്കേറിയ സമയത്ത് തുടര്‍ച്ചയായി സമരത്തിന് ഇറങ്ങുന്നത് എന്‍എച്ച്എസിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ക്കും തിരിച്ചടിയാണ്.