
















പ്രഭാസിനെ നായകനാക്കി മാരുതി ഒരുക്കുന്ന ചിത്രമാണ് ദി രാജാസാബ്. ഒരു ഹൊറര്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമ വമ്പന്‍ ബജറ്റില്‍ ആണ് എത്തുന്നത്. ജനുവരി ഒന്‍പതിന് സിനിമ പുറത്തിറങ്ങും. സിനിമയുടെ പ്രീ റിലീസ് ഇവന്റ് ഇന്നലെ നടന്നിരുന്നു. ഇപ്പോഴിതാ ചടങ്ങില്‍ വെച്ച് സംവിധായകന്‍ മാരുതി പ്രഭാസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് നടന്റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
രാജമൗലി ആണ് ഇന്ന് നമ്മള്‍ കാണുന്ന പാന്‍ ഇന്ത്യന്‍ കള്‍ച്ചറിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹമാണ് ഒരു മീഡിയം റേഞ്ച് നായകനായ പ്രഭാസിനെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആക്കിയത് എന്നായിരുന്നു മാരുതിയുടെ വാക്കുകള്‍. 'ദക്ഷിണാഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ ഞാന്‍ പോയിരുന്നു. ഞാന്‍ ഒരു സിനിമാ സംവിധായകനാണെന്ന് പറഞ്ഞപ്പോള്‍ അവിടുത്തെ ഒരാള്‍ എന്നെ അത്ഭുതത്തോടെ നോക്കി. എന്റെ നായകന്‍ ആരാണെന്ന് അറിയാമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഞാന്‍ പ്രഭാസ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഓ, ബാഹുബലിയിലെ നായകന്‍ എന്ന് മറുപടി പറഞ്ഞു. മസായ് മാരയിലെ മറ്റൊരു ഗോത്രത്തില്‍പ്പെട്ട ആളുകള്‍ക്കുപോലും പ്രഭാസ് ഇന്ന് പരിചിതനായി മാറിയിരിക്കുന്നു. എല്ലാ സംവിധായകരും രാജമൗലിയോടാണ് കടപ്പെട്ടിരിക്കുന്നത്. ഇന്ന് എല്ലാവരും 'പാന്‍ ഇന്ത്യ, പാന്‍ ഇന്ത്യ' എന്ന് പറഞ്ഞ് അഭിമാനപൂര്‍വ്വം നടക്കുന്നുണ്ട്. പക്ഷേ അദ്ദേഹമാണ് അതില്‍ തന്റെ ജീവിതം അര്‍പ്പിച്ചതും, ഒരു മീഡിയം റേഞ്ച് നായകനെ പാന്‍-ഇന്ത്യന്‍ ആക്കി മാറ്റിയതും', മാരുതി പറഞ്ഞത്.
എന്നാല്‍ ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ബാഹുബലിക്ക് മുന്‍പും പ്രഭാസ് ഒരു വലിയ സ്റ്റാര്‍ ആയിരുന്നു എന്ന് പലരും കമന്റില്‍ കുറിച്ചു. എന്നാല്‍ മരുതിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. ബാഹുബലിക്ക് മുന്‍പ് സ്റ്റാര്‍ ആയിരുന്നു പ്രഭാസ് എങ്കിലും ഇന്നത്തെ ലെവല്‍ സ്റ്റാര്‍ഡം അദ്ദേഹത്തിന് ഒരിക്കലും ഇല്ലായിരുന്നു എന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു