
















വെനസ്വേലയ്ക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്ക. സൈന്യത്തെ ഉപയോഗിക്കുന്നത് അടക്കം നിരവധി മാര്‍ഗങ്ങളിലൂടെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. ദേശീയ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനാണ് ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് വൈറ്റ് ഹൗസ് അറിയിച്ചു.
നാറ്റോ അംഗമായ ഡെന്‍മാര്‍കിന്റെ ഒരു അര്‍ദ്ധസ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. ഡെന്‍മാര്‍കിന് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം വന്നിരിക്കുന്നത്. 'ഗ്രീന്‍ലാന്‍ഡ് അവിടുത്തെ മനുഷ്യരുടേതാണ്. അവരുടെ കാര്യങ്ങള്‍ ഡെന്‍മാര്‍കും ഗ്രീന്‍ലാന്‍ഡും മാത്രമേ തീരുമാനിക്കുകയുള്ളു', എന്ന് യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്പെയിന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പരമാധികാരം, പ്രാദേശിക സമഗ്രത, അതിര്‍ത്തികളുടെ ലംഘനമില്ലായ്മ തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ തത്വങ്ങള്‍ പാലിക്കണമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഈ പ്രസ്താവനയെ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡെറിക് നെയില്‍സണ്‍ സ്വാഗതം ചെയ്തു.
അതേമസമയം അമേരിക്കയുടെ സുരക്ഷയ്ക്ക് വേണ്ടി ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കേണ്ടത് ആവശ്യമാണെന്ന് ട്രംപ് നിരന്തരം പറഞ്ഞിരുന്നു.