
















കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോകള്‍ പുറത്തുവന്നത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കത്തിനാണ് വഴിതുറന്നിരിക്കുന്നത്. ഔദ്യോഗിക ചേംബറില്‍ വെച്ച് സ്ത്രീകളുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയയായ നടി രന്യാ റാവുവിന്റെ പിതാവാണ് ഇദ്ദേഹം.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ചാനലുകളും സംപ്രേഷണം ചെയ്തു. സംഭവത്തില്‍ ഔദ്യോഗിക അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
ഓഫീസ് സമയത്ത് യൂണിഫോമില്‍ ഇരിക്കെ സ്ത്രീകളുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഓഫീസിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ക്യാമറയിലൂടെ രഹസ്യമായി പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങളെന്ന് കരുതപ്പെടുന്നു. സര്‍ക്കാര്‍ ഓഫീസിന്റെ ദുരുപയോഗം, ഉദ്യോഗസ്ഥന്റെ പെരുമാറ്റച്ചട്ടം, അച്ചടക്കം എന്നിവയെക്കുറിച്ച് ഈ ദൃശ്യങ്ങള്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ സ്ത്രീകളാണ് വീഡിയോയിലുള്ളതെന്നും ഇത് ഒന്നിലധികം തവണ നടന്ന കൂടിക്കാഴ്ചകളാണെന്ന് സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുകയും ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാമചന്ദ്ര റാവു നിഷേധിച്ചു. 'ഇത് മോര്‍ഫ് ചെയ്ത വീഡിയോയാണ്. ചിലര്‍ എന്നെ ലക്ഷ്യം വെക്കുകയാണ്,' അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. വീഡിയോ എഡിറ്റ് ചെയ്തതോ അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതോ ആണെന്ന് അദ്ദേഹം ആരോപിച്ചു.
'എന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിത്. എന്റെ കരിയറിനെ ദോഷകരമായി ബാധിക്കാന്‍ ചില തല്‍പരകക്ഷികള്‍ ഈ വീഡിയോ നിര്‍മ്മിച്ചതാണ്,' റാവു പറഞ്ഞു. ദൃശ്യങ്ങള്‍ ഒറിജിനല്‍ അല്ലെന്നും താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.