
















രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ഒന്നാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും അതിജീവിത പറയുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അതിജീവിതയുടെ മറുപടി സത്യവാങ്മൂലം.
നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരമടക്കം ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. രാഹുലിന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കും.
മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. നാളെ അപേക്ഷയില്‍ വാദം കേള്‍ക്കാനാണ് മാറ്റിയത്. എസ്‌ഐടിയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
22ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്ന വാദമാണ് രാഹുല്‍ അപേക്ഷയില്‍ ഉന്നയിച്ചത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും സാങ്കേതിക നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതും ജാമ്യാപേക്ഷയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ലെന്ന വിവരം വാദം നടക്കുമ്പോള്‍ കോടതിയെ അറിയിക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം.
ബലാത്സംഗക്കുറ്റം നിലനില്‍ക്കുന്നതിനാവശ്യമായ തെളിവുകളുണ്ടെന്ന മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം രാഹുലിന് തിരിച്ചടിയാണ്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി രാഹുലിനെതിരായ പരാതിയില്‍ ഉയര്‍ത്തിയത്.