
















ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത് തടയാന്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് ആലോചന. റിയല്‍ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളില്‍ പോറ്റിക്കെതിരെ കേസെടുത്തേക്കും.
തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളില്‍ പോറ്റിക്കെതിരെ നേരത്തെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളില്‍ കേസെടുത്ത് സ്വര്‍ണക്കൊള്ളക്കേസില്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയുകയാണ് നീക്കം. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി ലഭിച്ചശേഷമാകും നടപടികളിലേക്ക് കടക്കുക. ഫെബ്രുവരി രണ്ടിന് കട്ടിളപ്പാളിക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തിട്ട് 90 ദിവസമാകും. 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങാം.
ദ്വാരപാലകക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും കട്ടിപ്പാളിക്കേസ് കൂടിയുള്ളതിനാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാനായിരുന്നില്ല. ഈ കേസില്‍ റിമാന്‍ഡില്‍ തുടരുകയാണ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്താണെന്ന് കോടതി ചോദിച്ചിരുന്നു. കൂടുതല്‍പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വിശദമായ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഒന്നാംപ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. 2025 ഒക്ടോബര്‍ 17നാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്.