
















സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ മരണത്തില്‍ കാരണം കണ്ടെത്താനാകാതെ പൊലീസ്. ചിന്നു പാപ്പുവിന്റെ നിരവധി സുഹൃത്തുക്കളുടെയും ബന്ധപ്പെട്ടവരുടെയും മൊഴി എടുത്തെങ്കിലും ഇതുവരെയും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. അവസാനമായി വീട്ടിലെത്തിയപ്പോഴും ചിന്നു പാപ്പു വളരെ സന്തോഷത്തിലായിരുന്നു എന്നാണ് പിതാവിന്റെ പ്രതികരണം. ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മര്‍ദത്തിലായിരുന്നില്ല മകളെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. സുഹൃത്തുക്കളും സമാനമായ മൊഴിയാണ് പൊലീസിന് നല്‍കിയിരിക്കുന്നത്.
മരണത്തിന് രണ്ട് ദിവസം മുന്‍പ് വരെ ചിന്നു പാപ്പു സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായിരുന്നു. വീഡിയോകള്‍ പങ്കുവെക്കുകയും കമന്റുകള്‍ക്ക് മറുപടി നല്‍കുകയുമെല്ലാം ചെയ്തിട്ടുണ്ട്. ചിന്നുവിനെ മരണത്തിലേക്ക് നയിച്ചത് ആണ്‍സുഹൃത്തുമായുള്ള തര്‍ക്കമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ചിന്നുവിന്റെ മരണത്തില്‍ സന്ദേശിന്റെ പ്രേരണയില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം സന്ദേശും ജീവനൊടുക്കിയത് പൊലീസിനെ കുഴക്കുന്നുണ്ട്. സന്ദേശ് ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്നാണെന്നാണ് പൊലീസിന്റെ വാക്കുകള്‍. ചിന്നുവിന്റെ മരണവും അതിന് ശേഷം സന്ദേശിനെതിരെ ഉണ്ടായ കടുത്ത സൈബര്‍ ആക്രമണവുമാകും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിലവില്‍ കരുതുന്നത്.
ചിന്നു പാപ്പുവിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫോണിലെ വിശദമായ പരിശോധനയ്ക്ക് ശേഷം ആത്മഹത്യയിലേക്ക് നയിക്കാനിടയായ സാഹചര്യത്തെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ഫെബ്രുവരി 9നാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള ചിന്നു പാപ്പുവിന്റെ മരണം നടക്കുന്നത്. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.