
















വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രിക്രിയക്കിടെ രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഗൈനക്കോളജി വകുപ്പ് മേധാവിയായ ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്താണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. മനുഷ്യ ജീവനും വ്യക്തി സുരക്ഷിതത്വത്തിനും ഭീഷണി ആകുന്ന രീതിയില്‍ ഉദാസീനതയോടെ ശാസ്ത്രക്രിയ ചെയ്തു എന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്. നിരുത്തരവാദിത്വ പരമായി വയറ്റില്‍ കത്രിക ഉപേക്ഷിച്ചെന്നും എഫ്ഐആറില്‍ ഉണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 125, 125 (എ) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം, താനല്ല ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. ലളിതാംബിക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡോ. ഷാഹിദയാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഡോ. ഷാഹിദയെ പ്രതി ചേര്‍ത്തിട്ടില്ല. ഡോ. ലളിതാംബിക കഴിഞ്ഞ ദിവസം നടത്തിയ ചില പ്രതികരണങ്ങള്‍ വലിയ വിവാദമായിരുന്നു. ശസ്ത്രക്രിയ ഉപകരണം അമ്പത് വര്‍ഷം വയറ്റില്‍ ഇരുന്നാലും ഒരു കുഴപ്പവും സംഭവിക്കില്ല എന്നായിരുന്നു ലളിതാംബിക പറഞ്ഞത്. സംഭവത്തെ ഇത്തരത്തില്‍ നിസാരവത്കരിച്ചത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അടക്കം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.