
















ദേശീയ രാഷ്ട്രീയത്തിന്റെ തിരക്കുകള്‍ക്കിടയിലും കേരളത്തില്‍ അസാധാരണമാംവിധം സജീവമായിരിക്കുകയാണ് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ലമെന്റ് അംഗങ്ങള്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം പരസ്യമായി ആവര്‍ത്തിക്കുമ്പോഴും താഴെത്തട്ടിലുള്ള ജനസമ്പര്‍ക്ക പരിപാടികളും സാമുദായിക നേതൃത്വങ്ങളുമായുള്ള അടുപ്പവും വിരല്‍ചൂണ്ടുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണ്.
കെ സി വേണുഗോപാല്‍ കഴിഞ്ഞമാസം ആലപ്പുഴയില്‍ തൊഴിലുറപ്പ് സ്ത്രീകളുടെ കൂടെയിരുന്നും അടുത്തിടെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അടുക്കളയില്‍ കയറിയും കപ്പയും മുളകും കഴിക്കുന്നതും ഫുഡ് ഡെലിവറി ബോയിക്കൊപ്പം സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര നടത്തുന്നതുമായ വീഡിയോകള്‍ വൈറലാണ്.
സിപിഎം അണികളും നേതാക്കളും ഇതിനെ പി ആര്‍ വര്‍ക്ക് എന്ന് ആക്ഷേപിക്കുമ്പോള്‍ യുഡിഎഫ് പ്രകടനപത്രികയുടെ രൂപീകരണത്തിന് മുന്നോടിയായി കെ സി വേണുഗോപാല്‍ നടത്തുന്ന കൂടിക്കാഴ്ചകളാണ് ഇതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. പാലക്കാട്ടെ നെല്‍ കര്‍ഷകര്‍ മുതല്‍ ആലപ്പുഴയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ വരെ അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട്. മത്സ്യത്തൊഴിലാളി വീടുകളില്‍ സന്ദര്‍ശനം നടത്തി കുടുംബ ബജറ്റിലെ ആശങ്കകള്‍ അദ്ദേഹം നേരിട്ട് കേള്‍ക്കുകയായിരുന്നുവെന്നും കെ സി പക്ഷ നേതാക്കള്‍ പറയുന്നു.
എറണാകുളത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായും ഗിഗ് തൊഴിലാളികളുമായും അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ വരാനിരിക്കുന്ന 'യുവകേരളം' പദ്ധതിയുടെ ഭാഗമാണെന്നാണ് വിവരം. പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരുമായുള്ള കെ സിയുടെ കൂടിക്കാഴ്ചയും ഉടനുണ്ടാകും. വിവിധ മത-സാമുദായിക വിഭാഗങ്ങളുമായി കൃത്യമായ ഇടവേളകളില്‍ കെ സി വേണുഗോപാല്‍ നടത്തുന്ന കൂടിക്കാഴ്ചകള്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് മികവ് തെളിയിക്കുന്നതാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു