
















ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ നിലപാട് കടുപ്പിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. ചിലവായ മുഴുവന്‍ തുകയും നല്‍കണമെന്ന് ഊരാളുങ്കലിന്റെ ഉപകമ്പനിയായ ഐഐഐസി(IIIC) ആവശ്യപ്പെട്ടു. കമ്പനിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ രേഖാമൂലം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ആവശ്യമുന്നയിച്ചു.
അയ്യപ്പ സംഗമത്തിന് 7,04,99,367 കോടി രൂപ ചെലവ് വന്നു എന്നാണ് ഐഐഐസി വീണ്ടും അറിയിച്ചിട്ടുള്ളത്. മുന്‍കൂറായി നല്‍കിയ 3 കോടി കഴിഞ്ഞുള്ള 4,04,99,367 രൂപ ഉടന്‍ നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്
എന്നാല്‍ 7.04 കോടിക്ക് പകരം 4.99 കോടി മാത്രമേ നല്‍കാനാകൂവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അയ്യപ്പ സംഗമത്തിന്റെ എസ്റ്റിമേറ്റ് ദേവസ്വം കമ്മീഷണര്‍ ഏഴ് കോടിയില്‍ നിന്ന് നാലരക്കോടിയാക്കി ചുരുക്കിയിരുന്നു. ഈ തുക നല്‍കിയാല്‍ മതിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ബോര്‍ഡ് ആവശ്യപ്പെട്ട സേവനങ്ങള്‍ നല്‍കിയെന്ന് ഉറപ്പ് വരുത്തിയ ദേവസ്വം ഉദ്യോഗസ്ഥര്‍ ജോയിന്റ് മെഷര്‍മെന്റില്‍ ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നാണ് ഊരാളുങ്കല്‍ ഇതിന് മറുപടിയായി ചൂണ്ടിക്കാണിക്കുന്നത്. 7,04,99,367 കോടിയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ദേവസ്വം ബോര്‍ഡിന് നല്‍കിയ കത്തില്‍ ഐഐഐസി ആവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍, അയ്യപ്പ സംഗമത്തിന്റെ ചിലവ് 4.99 കോടിയായി നിജപ്പെടുത്താനാണ് മുന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത് എന്നും അത് ഐഐഐസിയെ അറിയിച്ചിട്ടുണ്ട് എന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ പ്രതികരണം. കണക്കുകളിലെ പൊരുത്തക്കേടുകള്‍ ഓഡിറ്ററുടെ പിഴവല്ലെന്നും മുന്‍ ദേവസ്വം ബോര്‍ഡ് കൃത്യമായി മറുപടി നല്‍കാത്തത് മൂലമുണ്ടായ പ്രശ്നങ്ങളാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.