
















ഇറാന്‍- ഇസ്രായേല്‍, അമേരിക്ക യുദ്ധം ശക്തമാകുന്നതിനിടെ, ഞായറാഴ്ച ഇറാന്‍ അത്യാധുനിക മിസൈലുകള്‍ വിക്ഷേപിച്ചു. ജെറുസലേമുമായും വാഷിംഗ്ടണുമായും ബന്ധപ്പെട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത 'സെജ്ജില്‍' മിസൈല്‍ പ്രയോഗിക്കുന്നത്.
ഇറാനിയന്‍ വാര്‍ത്താ മാധ്യമമായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴാണ് സെജ്ജില്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇറാന്‍ പ്രയോഗിച്ചത്. ലിക്വിഡ് ഫ്യൂവല്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ തയ്യാറാക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്നിരിക്കെ, മിനിറ്റുകള്‍ക്കുള്ളില്‍ വിക്ഷേപിക്കാവുന്ന സോളിഡ് ഫ്യൂവല്‍ മിസൈലായ സെജ്ജിലിന്റെ പ്രയോഗം യുദ്ധം കൂടുതല്‍ കടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
സജ്ജില്‍, അഷൂറ എന്നീ പേരുകളിലും അറിയപ്പെടുന്ന സെജ്ജില്‍, ഇറാന്‍ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത രണ്ട് ഘട്ടങ്ങളുള്ള ബാലിസ്റ്റിക് മിസൈലാണ്. ഖര ഇന്ധനമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഏകദേശം 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈല്‍ മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ വിഭാഗത്തില്‍പ്പെടുന്നു.
ഏകദേശം 700 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ഇതിന് ശേഷിയുണ്ട്. ലിക്വിഡ് ഫ്യൂവല്‍ മിസൈലുകളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ വിക്ഷേപിക്കാന്‍ സാധിക്കുമെന്നതിനാല്‍ ശത്രുക്കള്‍ക്ക് ഇത് കണ്ടെത്താനോ തകര്‍ക്കാനോ ഉള്ള സമയം കുറവായിരിക്കും.
ഉയരത്തില്‍ വെച്ച് ദിശ മാറാനും പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനും കഴിയുന്നതിനാലാണ് ഇതിന് 'ഡാന്‍സിങ് മിസൈല്‍' എന്ന പേര് ലഭിച്ചത്. ഏകദേശം 18 മീറ്റര്‍ നീളവും 1.25 മീറ്റര്‍ വ്യാസവുമുള്ള ഈ മിസൈലിന് 23,600 കിലോഗ്രാം ഭാരമുണ്ട്. 1990കളില്‍ നിര്‍മാണം ആരംഭിച്ച ഈ മിസൈലിന്റെ ആദ്യ പരീക്ഷണം 2008ലാണ് നടന്നത്.