
















ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. അഭിമാനത്തോടെ അലി ലാരിജാനി രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ഇറാന്‍ സുപ്രീം സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രതികരണം. അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അലി ലാരിജാനിയും ബാസിജ് ഫോഴ്സിന്റെ കമാന്‍ഡര്‍ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അലി ലാരിജാനിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇതിനിടെ അലി ലാരിജാനിയുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ശക്തമായ നിലപാട് സ്വീകരിച്ച നയരൂപീകരണ വിദഗ്ധന്‍ കൂടിയായിരുന്നു അലി ലാരിജാനി. ഒരു സൈനിക കമാന്‍ഡറല്ലെങ്കിലും, ഇറാന്റെ തന്ത്രപരമായ തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അലി ലാരിജാനിക്ക് പ്രധാന പങ്കുണ്ടായിരുന്നു. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറി എന്ന നിലയില്‍, യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷ എന്നീ വിഷങ്ങളില്‍ തീരുമാനം എടുക്കുന്നതിലും അലി ലാരിജാനിക്ക് നിര്‍ണ്ണായകമായ സ്വാധീനം ഉണ്ടായിരുന്നു. ഇപ്പോള്‍ അമേരിക്കയും ഇസ്രയേലുമായി നടക്കുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈകൊള്ളുന്നതിലും ലാരിജാനിക്ക് പങ്കാളിത്തം ഉണ്ടായിരുന്നു.
സൈനിക നേതൃത്വത്തിലെ പ്രമുഖരായ നിരവധി ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഇതിനകം ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ വധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ അലി ലാരിജാനിയുടെ കൊലപാതകം ഇറാന്റെ നേതൃഘടനയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നാണ് വിലയിരുത്തല്‍.