CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 39 Seconds Ago
Breaking Now

150 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു, നടുവൊടിഞ്ഞു; മഞ്ഞുമ്മല്‍ ബോയ്സിനെ ഓര്‍മിപ്പിക്കുന്ന 14 മണിക്കൂര്‍ നീണ്ട രക്ഷാ ദൗത്യം

കാല് പാറകള്‍ക്ക് ഇടയില്‍ കുടുങ്ങിയതോടെ ഇയാള്‍ ഒരു പാറക്കെട്ടിന് മുകളില്‍ തടഞ്ഞുനിന്നു.

 കുന്നിന്‍മുകളില്‍ നിന്നും 150 അടി താഴ്ചയിലേക്ക് വീണ യുവാവിനെ അതിസാഹസികമായി രക്ഷിച്ച് സൈന്യം. ഊട്ടി-ഗൂഡല്ലൂരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ സൂചിമലയുടെ വ്യൂപോയിന്റില്‍ വെച്ചാണ് സംഭവം. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളെന്നാണ് സംഭവത്തെ കുറിച്ച് ഉയരുന്ന അഭിപ്രായങ്ങള്‍.

ചെങ്കല്‍പേട്ട സ്വദേശിയായ ശിവഗുരുനാഥനാണ് സെല്‍ഫിയെടുക്കുന്നതിനിടെ മലമുകളില്‍ നിന്നും കൊക്കയിലേക്ക് വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇയാള്‍ സൂചിമലയില്‍ എത്തിയത്. വ്യൂ പോയിന്റ് ഏരിയ കടന്ന് കെട്ടിടത്തിന്റെ വശത്ത് കൂടി പ്രവേശനമില്ലാത്ത ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവേ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു.

കാല് പാറകള്‍ക്ക് ഇടയില്‍ കുടുങ്ങിയതോടെ ഇയാള്‍ ഒരു പാറക്കെട്ടിന് മുകളില്‍ തടഞ്ഞുനിന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ കൂടുതല്‍ ആഴത്തിലേക്ക് ശിവഗുരുനാഥന്‍ വീണുപോകാന്‍ സാധ്യതയുണ്ടായിരുന്നു. ഇയാള്‍ വീഴുന്നത് ആരും കണ്ടിരുന്നില്ല. വീഴ്ചയുടെ ആഘാതത്തില്‍ ബോധം പോയതിനാല്‍ കുറച്ചധികം സമയം അപകടം ആരുമറിയാതെ തുടര്‍ന്നു. പിന്നീട് ബോധം വന്നപ്പോള്‍ വ്യൂ പോയിന്റില്‍ ഇറക്കിയ ടാക്സി ഡ്രൈവറെ ഗുരുനാഥന്‍ വിളിച്ചു.

ഈ ഡ്രൈവറാണ് പൊലീസിലും മറ്റും വിവരം അറിയിക്കുന്നത്. അഞ്ച് മണിയോടെ അഗ്‌നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. പക്ഷെ ഇവര്‍ നടത്തിയ ശ്രമങ്ങള്‍ ഒന്നും വിജയം കണ്ടില്ല. കാട്ടാനക്കൂട്ടം ഇറങ്ങുന്ന പ്രദേശം കൂടിയായതിനാല്‍ അവയെ അകറ്റിനിര്‍ത്താന്‍ കൂടി വനംവകുപ്പ് നിരന്തരം ശ്രമിക്കുന്നുണ്ടായിരുന്നു.

രാത്രിയോടെ മദ്രാസ് റെജിമെന്റിലെ റെസ്‌ക്യൂ ടീം എത്തി. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതിനാല്‍ ശിവഗുരുനാഥന്‍ അനങ്ങാന്‍ പോലും പറ്റാതെ കിടക്കുകയായിരുന്നു. ഇയാള്‍ക്ക് ആവശ്യമായ വൈദ്യസഹായം ആദ്യം നല്‍കി. പിന്നീടും രക്ഷാദൗത്യം മണിക്കൂറുകളോളം നീണ്ടുനിന്നു. കളക്ടറും ജില്ലാ പൊലീസ് സൂപ്രണ്ടുമടക്കമുള്ളവരും സ്ഥലത്ത് എത്തിയിരുന്നു.

ഒടുവില്‍ പുലര്‍ച്ചെ നാല് മണിക്ക് കയറില്‍ക്കെട്ടിയ സ്ട്രെച്ചറില്‍ കിടത്തി ശിവഗുരുനാഥനെ പുറത്തേക്ക് എത്തിച്ചു. ഒരു കിലോമീറ്റര്‍ ഇയാളെ ചുമന്നാണ് മലയുടെ അടിവാരത്തിലേക്ക് എത്തിച്ചത്. ഇവിടെ നിന്നും ആംബുലന്‍സില്‍ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കം 150 പേരോളമാണ് 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തില്‍ പങ്കാളിയായത്.

 




കൂടുതല്‍വാര്‍ത്തകള്‍.