
















ഇറാനെതിരായ സൈനിക നടപടി അവസാനിക്കാന്‍ മാസങ്ങള്‍ വേണ്ടി വരില്ല ആഴ്ചകള്‍ മതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാര്‍ക്കോ റൂബിയോ.
ഫ്രാന്‍സില്‍ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാര്‍ക്കോ റൂബിയോ. ഇറാനെതിരായ സൈനിക നീക്കം നിശ്ചയിച്ച സമയക്രമത്തിലോ അതിന് മുന്നിലോ ആണ് നടക്കുന്നത്. അനുയോജ്യമായ സമയത്ത്, അതായത് മാസങ്ങള്‍ക്കല്ല ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മാര്‍ക്കോ റൂബിയോ വിശദമാക്കിയത്.
കരസേനയുടെ സഹായമില്ലാതെ ലക്ഷ്യങ്ങള്‍ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എങ്കിലും സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് പ്രസിഡന്റിന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവസരമൊരുക്കാന്‍ ചില സൈനികരെ മേഖലയില്‍ വിന്യസിക്കുന്നുണ്ടെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.ആയിരക്കണക്കിന് മറീനുകള്‍ അടങ്ങുന്ന രണ്ട് സംഘങ്ങളെയാണ് അമേരിക്ക നിലവില്‍ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുള്ളത്. ഇതില്‍ ആദ്യത്തെ സംഘം മാര്‍ച്ചവസാനത്തോടെ എത്തും. കൂടാതെ ആയിരക്കണക്കിന് എയര്‍ബോണ്‍ സൈനികരേയും പെന്റഗണ്‍ വിന്യസിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഫെബ്രുവരി 28-ന് ഇറാന്‍ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു കരയുദ്ധമായി മാറുമോ എന്ന ആശങ്കയാണ് വലിയ രീതിയിലെ സൈനിക വിന്യാസം മുന്നോട്ട് വയ്ക്കുന്നത്.