
















ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ രോഷം മറച്ചുവെയ്ക്കാതെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹെല്‍ത്ത് സെക്രട്ടറി. സ്വന്തം ശമ്പള വര്‍ദ്ധനവും, ട്രെയിനിംഗ് അവസരങ്ങളുമാണ് സമരങ്ങള്‍ നടത്തിയതിലൂടെ ഡോക്ടര്‍മാര്‍ തുലച്ചതെന്ന് വെസ് സ്ട്രീറ്റിംഗ് ആരോപിച്ചു.
ആറ് ദിവസത്തെ പണിമുടക്കാണ് റസിഡന്റ് ഡോക്ടര്‍മാര്‍ സംഘടിപ്പിക്കുന്നത്. തൊഴിലും, ശമ്പളവും സംബന്ധിച്ച ആശങ്കകള്‍ ശരിയാണെന്ന തോന്നലാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ സാഹചര്യം അപ്പാടെ മാറ്റിമറിക്കുന്ന ഓഫര്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ചവറ്റുകുട്ടയില്‍ ഇടുകയാണ് ചെയ്തത്, ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.
2023 മാര്‍ച്ച് മുതല്‍ 15-ാം തവണയാണ് റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക്. ഹെല്‍ത്ത് സര്‍വ്വീസിന് 300 മില്ല്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് ഇത് വരുത്തിവെയ്ക്കുന്നത്. രോഗികള്‍ക്ക് ചികിത്സ നഷ്ടമാകാനും, കാത്തിരിപ്പ് നീളാനും സമരങ്ങള്‍ വഴിവെയ്ക്കുന്നുണ്ട്.
എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്ന നടപടികള്‍ കൂടി അട്ടിമറിക്കുന്നതാണ് ഡോക്ടര്‍മാരുടെ സമരമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. 'മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പിടിവലികള്‍ക്കും ഒടുവിലാണ് ഈ വര്‍ഷം 4.9% വര്‍ദ്ധന ലഭിച്ചത്. നാല് വര്‍ഷം മുന്‍പത്തേക്കാള്‍ 35.2% വര്‍ദ്ധന നല്‍കുന്നതാണ് ഈ പദ്ധതി', സ്ട്രീറ്റിംഗ് പറഞ്ഞു.
എന്നാല്‍ 26% ശമ്പളവര്‍ദ്ധന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ബിഎംഎ നിലപാട്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ പിടിവാശിക്ക് മുന്നില്‍ കീഴടങ്ങാതെ നിന്നപ്പോള്‍ ലേബര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ റെക്കോര്‍ഡ് വര്‍ദ്ധന അനുവദിച്ചിരുന്നു. ഇത് അപകടമാണെന്ന് കണ്‍സര്‍വേറ്റീവുകള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ലേബര്‍ ഗവണ്‍മെന്റ് അത് നിസ്സാരമായി അവഗണിച്ചു. ഇപ്പോള്‍ അതിന്റെ പ്രത്യാഘാതം നേരിടുകയാണ് അവര്‍.