
















ലോകമെങ്ങും ജാതി-മത-വര്‍ഗ്ഗീയ ചിന്തകള്‍ മനുഷ്യരെ ഭിന്നിപ്പിക്കുമ്പോള്‍, ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും മുകളില്‍ മനുഷ്യത്വം എന്ന ഉദാത്തമായ സന്ദേശമുയര്‍ത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു ഈദ് ആഘോഷത്തില്‍ മേഴ്സിസൈഡിലെ മലയാളികള്‍ ജാതി-മത ഭേദമന്യേ ഒറ്റക്കെട്ടായി ഒത്തുചേര്‍ന്നപ്പോള്‍ അത് പ്രവാസ മണ്ണിലെ മതമൈത്രിയുടെയും ഐക്യത്തിന്റെയും നേര്‍ക്കാഴ്ചയായി മാറി.

ഏപ്രില്‍ 18 വൈകുന്നേരം 5 മണിക്ക് ലിവര്‍പൂള്‍ കാര്‍ഡിനല്‍ ഹീനന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പരിപാടിയില്‍ ലിവര്‍പൂളിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്തു. ലിമ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ശ്രീ. ബിജു ജോര്‍ജ് ഭദ്രദീപം തെളിച്ചു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ എന്നും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മാനവികതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

ലിമയുടെ സെക്രട്ടറി ബ്ലെസ്സണ്‍ രാജന്‍ സ്വാഗതം ആശംസിച്ചു. ഐക്യത്തിന്റെ പ്രതീകമായി വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഏഴു തിരിയിട്ട ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി ആതിര ശ്രീജിത്ത് കൃതജ്ഞത രേഖപ്പെടുത്തി.

അതിമനോഹരമായി കൃഷ്ണവേഷം ധരിച്ചെത്തിയ കുട്ടികളെ വിഷുക്കണി കാണിച്ചുകൊണ്ടുള്ള ചടങ്ങ് ആഘോഷങ്ങള്‍ക്ക് ഐശ്വര്യം പകര്‍ന്നു. തുടര്‍ന്ന് നടന്ന രാധാ-കൃഷ്ണ വേഷപ്പകര്‍ച്ച മത്സരം കാണികള്‍ക്ക് നയനാന്ദകരമായ കാഴ്ചയായി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹാളിലെത്തിയ 12 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ലിവര്‍പൂളിലെ പ്രമുഖ ദമ്പതിമാരായ ഡോക്ടര്‍ ജോര്‍ജ് കുരുവിളയും ഡോക്ടര്‍ സൂസന്‍ കുരുവിളയും ചേര്‍ന്ന് വിഷുക്കൈനീട്ടവും ഈസ്റ്റര്‍ എഗ്ഗും വിതരണം ചെയ്തു.

കൃഷ്ണ പ്രിയയും ടീമും (ശ്രീസൂര്യ ഡാന്‍സ് സ്റ്റുഡിയോ) അവതരിപ്പിച്ച ആകര്‍ഷകമായ നൃത്തപ്രകടനങ്ങള്‍ വേദിയെ വര്‍ണ്ണാഭമാക്കി. ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായിരുന്ന 'കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്സ്' അവതരിപ്പിച്ച മെഗാ സ്റ്റേജ് ഷോ കാണികളെ ആവേശത്തിലാഴ്ത്തി. ആഘോഷത്തിന്റെ ഭാഗമായി 'കറി ചട്ടി' ഒരുക്കിയ രണ്ട് കൂട്ടം പായസം ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ ഡിന്നറാണ് പങ്കെടുത്തവര്‍ക്കായി വിളമ്പിയത്. ഈ വിസ്മയ നിമിഷങ്ങളെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ ഒപ്പിയെടുത്തത് പിജെ ഫോട്ടോഗ്രഫിയാണ്.
യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നായ ലിമയുടെ ഈ ഐക്യസംഗമം മേഴ്സിസൈഡ് മലയാളികളുടെ ചരിത്രത്തിലെ അഭിമാന നിമിഷമായി മാറി.
മനോജ് ജോസഫ്
പി. ആര്‍. ഒ
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA)