CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 29 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒന്‍പതാമത് രൂപത ബൈബിള്‍ കലോത്സവത്തിന്റെ നിയമാവലി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു

ബര്‍മിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഒന്‍പതാമത് രൂപത ബൈബിള്‍ കലോത്സവം നവംബര്‍ 21-ന് സ്‌കണ്‍തോര്‍പ്പില്‍ നടക്കും. ഈ വര്‍ഷത്തെ കലോത്സവത്തിനായുള്ള പുതുക്കിയ നിയമാവലി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു.രൂപതയുടെ ഈ വര്‍ഷത്തെ പ്രേമേയമായ ''അച്ചടക്കത്തിന്റെ വര്‍ഷം'' (Year of Discipline )നോട് ചേര്‍ന്നിനിന്നുകൊണ്ട് ''താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്‍കുന്നു...' - ഹെബ്രായര്‍ 12:6. എന്ന വചനമാണ് ഈ വര്‍ഷത്തെ കലോത്സവ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത് .

ഓണ്‍ലൈനായി സംഘടിപ്പിച്ച പ്രകാശനച്ചടങ്ങില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സലര്‍ വെരി. റവ. ഫാ. മാത്യു പിണക്കാട്ട്, കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ജോര്‍ജ് എട്ടുപറയില്‍, കമ്മീഷന്‍ കോഓര്‍ഡിനേറ്റര്‍ ജോണ്‍ കുര്യന്‍, ജോയിന്റ് കോഓര്‍ഡിനേറ്റര്‍മാരായ മര്‍ഫി തോമസ്, ജിമ്മിച്ചന്‍ ജോര്‍ജ്, മറ്റ് ബൈബിള്‍ അപ്പോസ്‌തോലേറ്റ് കമ്മീഷന്‍ അംഗങ്ങള്‍, രൂപത റെഗുലേറ്ററി കമ്മീഷന്‍ ലീഡേഴ്സ് ഷിബു വെളുത്തേപള്ളി,പോള്‍ ആന്റണി, സജി മാളിക്കല്‍, ബൈബിള്‍ അപ്പോസ്‌തോലേറ്റ് ജനറല്‍ ബോഡി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

എല്ലാ റീജിയണുകളിലും ഒരേ മാനദണ്ഡത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനായി ഈ വര്‍ഷവും മത്സരവിഷയങ്ങളും നിയമാവലിയും ക്രമീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ കലോത്സവങ്ങളില്‍ നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങളും പുതുക്കിയ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഈ വര്‍ഷം മുതല്‍ സുറിയാനി സോളോ സോങ്ങ് മത്സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈബിള്‍ വചനം കൂടുതല്‍ പഠിക്കുന്നതിനായി ബൈബിള്‍ വചന എഴുത്തുമത്സരം ഈ വര്‍ഷം മുതല്‍ മത്സര ഇനത്തില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ മാര്‍ഗംകളി മത്സരങ്ങള്‍ രണ്ട് പ്രായവിഭാഗങ്ങളിലായി സംഘടിപ്പിക്കും. വയലിന്‍, ഗിറ്റാര്‍ മത്സരങ്ങളും ഈ വര്‍ഷം മുതല്‍ പുതുതായി ആരംഭിക്കുന്നതാണ്.

മത്സര ഇനമല്ലെങ്കിലും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കലോത്സവ സുവനീറിലേക്കായി രചനകള്‍ ക്ഷണിച്ചിട്ടുണ്ട്. ഇ-മെയില്‍ വഴി ലഭിക്കുന്ന മികച്ച രചനകള്‍ സുവനീറില്‍ പ്രസിദ്ധീകരിക്കും.

റീജിയണല്‍ മത്സരങ്ങള്‍ നവംബര്‍ 1-നകം പൂര്‍ത്തിയാക്കേണ്ടതാണ്. ഓരോ റീജിയണില്‍ നിന്നും രൂപതാതല മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ റീജിയണല്‍ കലോത്സവ കോഓര്‍ഡിനേറ്റര്‍മാര്‍ നവംബര്‍ 2-നകം രൂപത ബൈബിള്‍ അപ്പോസ്‌തോലേറ്റിനെ അറിയിക്കണം. ഓരോ പ്രായവിഭാഗത്തിലും റീജിയണല്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്കാണ് രൂപതാതല മത്സരത്തിലേക്ക് യോഗ്യത ലഭിക്കുക. മുതിര്‍ന്നവര്‍ക്കായുള്ള ഉപന്യാസ മത്സരത്തിലും റീജിയണല്‍ തലത്തില്‍ വിജയികളായവര്‍ക്കാണ് രൂപതാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

എപ്പാര്‍ക്കി തലത്തില്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിനുള്ള പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 ആണ്. മത്സരത്തിനായുള്ള ഷോര്‍ട്ട് ഫിലിം ഒക്ടോബര്‍ 18 രാത്രി 12 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.

രൂപതാ ബൈബിള്‍ അപ്പോസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ വിവിധ കമ്മീഷനുകളുടെ കൂട്ടായ പ്രവര്‍ത്തനഫലമായാണ് എല്ലാ വര്‍ഷവും ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ കലോത്സവ നിയമാവലിയും മത്സരവിഷയങ്ങളും അറിയുന്നതിനായി ബൈബിള്‍ അപ്പോസ്‌തോലേറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് എന്നും ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക 

 

https://smegbbiblekalotsavam.com/kalotsavam-2026/#mce_temp_url#

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.