CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 41 Seconds Ago
Breaking Now

യുകെയില്‍ ചികിത്സയ്ക്കെത്തിയ വനിതാ രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കി

വിചാരണയ്ക്കിടെ ഇരകളുടെയും കുടുംബാംഗങ്ങളുടെയും മൊഴികള്‍ കോടതിയെ പോലും ഞെട്ടിച്ചിരുന്നു.

യുകെയില്‍ ചികിത്സയ്ക്കെത്തിയ വനിതാ രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ മോഹന്‍ ബാബുവിന്റെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കി. ഹാംഷെയറില്‍ ജനറല്‍ പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന 49 കാരനായ ഇയാളെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് നീക്കുകയും യുകെയില്‍ ഇനി ഒരിക്കലും ഡോക്ടറായി പ്രവര്‍ത്തിക്കാനാവില്ലെന്ന് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ്  വിധിക്കുകയും ചെയ്തു.

ഹാംഷെയറിലെ ഹാവന്റില്‍ താല്‍ക്കാലിക ഡോക്ടറായി ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത്. 2019 സെപ്റ്റംബര്‍ മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവില്‍ ശാരീരികമായും മാനസികമായും അതീവ ദുര്‍ബലാവസ്ഥയിലായിരുന്ന വനിതാ രോഗികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു.

മൂന്ന് വനിതാ രോഗികളെ നാല് തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോര്‍ട്‌സ്മൗത്ത് ക്രൂണ്‍ കോടതി 2024 ഏപ്രിലില്‍ മോഹന്‍ ബാബുവിന് മൂന്നര വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. നിലവില്‍ ഇയാള്‍ ജയിലിലാണ്.

കോടതി വിചാരണയ്ക്കിടെ ഇരകളുടെയും കുടുംബാംഗങ്ങളുടെയും മൊഴികള്‍ കോടതിയെ പോലും ഞെട്ടിച്ചിരുന്നു. പീഡനത്തിനിരയായ ഒരാള്‍ പിന്നീട് അര്‍ബുദം ബാധിച്ച് മരിച്ചു. മറ്റൊരു അതിജീവിത തന്റെ ജീവിതം തന്നെ തകര്‍ന്നുപോയതായി മൊഴിനല്‍കിയപ്പോള്‍, മൂന്നാമത്തെ ഇര സംഭവത്തിന് ശേഷം ഗുരുതര വിഷാദരോഗത്തിലായതായി കോടതിയെ അറിയിച്ചു. രോഗികളെ സഹായിക്കുകയാണെന്ന വ്യാജേനയാണ് ഇയാള്‍ അതിക്രമങ്ങള്‍ നടത്തിയതെന്നും പരിശോധനാ മുറിയില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചതായും കണ്ടെത്തിയിരുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആസൂത്രിതമായും ആവര്‍ത്തിച്ചും നടത്തിയ പീഡനങ്ങളാണിതെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ഒരു ഡോക്ടര്‍ക്കും യോജിക്കാത്ത പെരുമാറ്റമാണിതെന്നും രോഗികള്‍ക്ക് ഡോക്ടര്‍മാരിലുള്ള വിശ്വാസം തകര്‍ക്കുന്നതാണ് സംഭവമെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.

കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ നിന്ന് 2000-ല്‍ എംബിബിഎസ് ബിരുദം നേടിയ മോഹന്‍ ബാബു, ഇന്ത്യയില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്ത ശേഷമാണ് 2006-ല്‍ ഉപരിപഠനത്തിനും ജോലിക്കുമായി യുകെയിലേക്ക് കുടിയേറിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.