
















ബ്രിട്ടനിലെ ഇമിഗ്രേഷന്‍ നിയമങ്ങളുടെ പേരില്‍ വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്തെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഡിപ്പന്റന്‍ഡ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് വന്നതോടെ വന്‍തോതില്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറഞ്ഞു. ഇതിനൊപ്പം മറ്റ് നിയന്ത്രണങ്ങളും ഏറിയതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ യുകെ യൂണിവേഴ്‌സിറ്റികളില്‍ എത്തുന്നതിന്റെ ഭാരവും, ചെലവും വര്‍ദ്ധിച്ചു.
വിദേശ വിദ്യാര്‍ത്ഥികളുടെ ഈ താല്‍പ്പര്യക്കുറവ് സാരമായി ബാധിക്കുന്നത് യുകെ യൂണിവേഴ്‌സിറ്റികളെ തന്നെയാണ്. വമ്പന്‍ ഫീസ് ഈടാക്കി സസുഖം മുന്നോട്ട് പോയിരുന്ന യൂണിവേഴ്‌സിറ്റികള്‍ ഇപ്പോള്‍ സാമ്പത്തിക ഞെരുക്കത്തില്‍ പെട്ട് ശ്വാസം മുട്ടുകയാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് വരുത്തിയ വിസാ നിയന്ത്രണങ്ങള്‍ ലേബര്‍ ഗവണ്‍മെന്റ് കടുപ്പിക്കുകയാണ് ചെയ്തത്.
ആഭ്യന്തര വിദ്യാര്‍ത്ഥികളുടെ ഫീസ് ഏഴ് വര്‍ഷമായി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്നതിനാല്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് പിടിച്ചുനില്‍പ്പ് തന്നെ ബുദ്ധിമുട്ടായി. ഇതോടെ അഞ്ചില്‍ നാല് യൂണിവേഴ്‌സിറ്റികളും സാമ്പത്തിക പ്രതിസന്ധി വഷളാകുന്നത് ഒഴിവാക്കാന്‍ തൊഴിലുകള്‍ കുറയ്ക്കുകയാണെന്ന് പുതിയ സര്‍വ്വെ പറയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി 79 ശതമാനം സ്ഥാപനങ്ങളും വോളണ്ടറി പിരിച്ചുവിടല്‍ നടത്തുന്നതായി യൂണിവേഴ്‌സിറ്റീസ് യുകെ കണ്ടെത്തി. ഇതേ ശതമാനത്തില്‍ സ്ഥാപനങ്ങള്‍ ഹയറിംഗ് നിര്‍ത്തിവെച്ചിട്ടുണ്ട്. വിവിധ യൂണിവേഴ്‌സിറ്റികള്‍ പരസ്പരം ലയിച്ച് പിടിച്ചുനില്‍ക്കാനും ശ്രമം നടക്കുന്നുണ്ട്.