
















ഭര്‍ത്താവ് വീട്ടിലെ തൂണില്‍ ചങ്ങലയിട്ട് പൂട്ടിയിടുകയും ചൂടുള്ള ഇരുമ്പ് വടികൊണ്ട് പൊള്ളിക്കുകയും ചെയ്ത യുവതി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കഴുത്തില്‍ ചങ്ങലയും പൂട്ടും തൂങ്ങിക്കിടക്കുന്ന അവസ്ഥയില്‍ ആറ് കിലോമീറ്ററോളം നടന്ന് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് മംഗീഭായ് തന്‍വാര്‍ എന്ന യുവതി ഖില്‍ച്ചിപൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സര്‍ദാര്‍ സിംഗ് തന്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 10-ന് രാത്രി മദ്യപിച്ചെത്തിയ സര്‍ദാര്‍ സിംഗ് ഭാര്യ മംഗീഭായുമായി വഴക്കിട്ടു. എതിര്‍ത്ത യുവതിയെ ഇയാള്‍ മരക്കൊമ്പും വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെ അന്നുരാത്രി തന്നെ പൊലീസില്‍ പരാതിപ്പെടാനായി മംഗീഭായ് വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍ വഴിമധ്യേ ഒരു ക്ഷേത്രത്തിന് സമീപം വെച്ച് ഭര്‍ത്താവ് ഇവരെ തടയുകയും വീണ്ടും മര്‍ദ്ദിച്ച് ബലമായി വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
വീട്ടിലെത്തിച്ച ശേഷം ക്രൂരതയുടെ ആക്കം കൂടി. യുവതിയുടെ കഴുത്തില്‍ ഇരുമ്പ് ചങ്ങലയിട്ട് വീടിന്റെ തൂണില്‍ പൂട്ടിയിട്ടു. 'ഇനി നീ എങ്ങനെ പോലീസില്‍ പരാതിപ്പെടുമെന്ന് നോക്കാമല്ലോ' എന്ന് വെല്ലുവിളിച്ചായിരുന്നു ക്രൂരത. തുടര്‍ന്ന് ഗ്യാസ് സ്റ്റൗവില്‍ ഇരുമ്പ് വടി ചൂടാക്കി യുവതിയുടെ അരക്കെട്ടിലും തുടയിലും പൊള്ളിച്ചു. യുവതി വേദനകൊണ്ട് നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല.
ഏകദേശം 24 മണിക്കൂറോളം യുവതിയെ ഇത്തരത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് നാട്ടുകാരെ കൂട്ടി ഒരു പഞ്ചായത്ത് വിളിച്ച്, പരാതിയില്‍ നിന്ന് യുവതിയെ പിന്തിരിപ്പിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചു. ഭയന്നുപോയ യുവതി താന്‍ പരാതിപ്പെടുന്നില്ലെന്ന് അഭിനയിച്ചു. എന്നാല്‍ ഭര്‍ത്താവ് പഞ്ചായത്ത് വിളിക്കാനായി പുറത്തുപോയ സമയം നോക്കി യുവതി തന്റെ അടുത്തുകണ്ട ഒരു കല്ലെടുത്ത് ചങ്ങലയിലെ പൂട്ടില്‍ തുടര്‍ച്ചയായി അടിച്ചു. ഒടുവില്‍ പൂട്ട് തകരുകയും ചങ്ങല വേര്‍പെടുകയും ചെയ്തു.
രക്ഷപ്പെട്ട യുവതി കഴുത്തില്‍ ചങ്ങലയുടെ ബാക്കി ഭാഗവും പൂട്ടും തൂങ്ങിക്കിടക്കുന്ന അവസ്ഥയില്‍ തന്നെ ഖില്‍ച്ചിപൂര്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു.
രാത്രി പത്തോടെ കഴുത്തില്‍ ചങ്ങലയുമായി സ്റ്റേഷനിലെത്തിയ യുവതിയെ കണ്ട് പൊലീസുകാര്‍ അമ്പരന്നു. തുടര്‍ന്ന് പൊലീസ് ചങ്ങല നീക്കം ചെയ്യുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, പ്രതിയായ ഭര്‍ത്താവ് സര്‍ദാര്‍ സിംഗിനെ ഉടന്‍ തന്നെ ഗ്രാമത്തില്‍ നിന്നു അറസ്റ്റ് ചെയ്തു