
















ഓള്‍ഡ്ഹാം: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മിഡ്ലാന്‍ഡ്‌സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം 'പുതുയുഗ സംഗമം 2026'ന്റെ ലോഗോ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ പ്രകാശനം ചെയ്തു.
ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്യാമ, യൂത്ത് വിംഗ് പ്രതിനിധി അരവിന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജൂണ്‍ 27-ന് ഓള്‍ഡ്ഹാമിലെ സെന്റ്. ഹെര്‍ബര്‍ട്ട് പാരിഷ് സെന്ററില്‍ സംഘടിപ്പിക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റില്‍ സാമൂഹിക പ്രവര്‍ത്തക ഡോ. മറിയ ഉമ്മന്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
കേരളത്തിന്റെ ജനനായകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓര്‍മ്മകള്‍ക്ക് ആദരമര്‍പ്പിച്ച് 'ഉമ്മന്‍ ചാണ്ടി സ്മൃതി നഗര്‍' എന്ന പേരില്‍ ഒരുക്കുന്ന വേദിയിലാണ് പരിപാടി നടക്കുന്നത്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിലേക്ക് കൂടുതല്‍ ശക്തമായി എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
യു കെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. യു ഡി എഫ് നേടിയ ചരിത്രവിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, കലാപരിപാടികള്‍, വനിതാ-യുവജന വിംഗുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകള്‍ക്ക് ചുമതലാപത്രം കൈമാറല്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ക്കും യൂണിറ്റുകള്‍ക്കും ചടങ്ങില്‍ ആദരം നല്‍കും. വ്യക്തികള്‍ക്കുള്ള 'കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം', മികച്ച യൂണിറ്റുകള്‍ക്കുള്ള 'സംഘടനാശ്രേഷ്ഠ പുരസ്‌കാരം', മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച പ്രവര്‍ത്തകര്‍ക്കുമുള്ള 'സേവാശ്രേഷ്ഠ പുരസ്‌കാരം' എന്നിവ ഡോ. മറിയ ഉമ്മന്‍ വിതരണം ചെയ്യും.
പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. സീറ്റുകള്‍ പരിമിതമായതിനാല്‍ എത്രയും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, ഓള്‍ഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജന്‍, വൈസ് പ്രസിഡന്റുമാരായ ജിതിന്‍ ജെയിംസ്, രഞ്ജിത്, സോണി ചാക്കോ എന്നിവര്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി അറിയിച്ചു.